ടി20 ലോകകപ്പ് 2024: 'ഈ ചോദ്യം ശരിയല്ല': മാധ്യമ പ്രവര്‍ത്തകനോട് അതൃപ്തി പരസ്യമാക്കി രോഹിത്, ആരാധകര്‍ക്ക് മുന്നറിയിപ്പ്

അയര്‍ലന്‍ഡിനെതിരായ ഇന്ത്യയുടെ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകന്റ ചോദ്യത്തില്‍ നിരാശയും അതൃപ്തിയും പ്രകടിപ്പിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിനിടെ പെട്ടെന്ന് ഒരു ആരാധകന്‍ ഗ്രൗണ്ടിലേക്ക് വന്നിരുന്നു. ഇയാളെ കൈകാര്യം ചെയ്ത സെക്യൂരിറ്റിയുടെ രീതിയില്‍ രോഹിത് അസ്വസ്തനായി എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആ സമയത്തെ വികാരത്തെ കുറിച്ച് പറയാമോ? എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം.

നോക്കൂ, ഒന്നാമതായി, ആരും ഗ്രൗണ്ടിലേക്ക് നുഴഞ്ഞുകയറരുതെന്ന് ഞാന്‍ പറയും. ഇത് ശരിയല്ല. ഈ ചോദ്യവും ശരിയായില്ല. കാരണം ഗ്രൗണ്ടില്‍ വരുന്നതും അതിലൂടെ ഓടുന്നതും പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.

കളിക്കാരുടെ സുരക്ഷ പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു, അതുപോലെ പുറത്തുള്ള ആളുകളുടെ സുരക്ഷയും പ്രധാനമാണ്. ഞങ്ങള്‍ ക്രിക്കറ്റ് കളിക്കുന്നു. പക്ഷേ പുറത്ത് ഇരിക്കുന്ന ആളുകള്‍, എല്ലാ രാജ്യത്തിനും നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. അത് പിന്തുടരേണ്ടതും മനസ്സിലാക്കേണ്ടതും വളരെ പ്രധാനമാണ്.

നോക്കൂ, ഇന്ത്യയിലും ഇവിടെയും നിയമങ്ങള്‍ വ്യത്യസ്തമാണ്, അതിനാല്‍ നിയമങ്ങള്‍ മനസിലാക്കുക, അവിടെ എന്താണ് ഉള്ളത്, എന്താണ് ഇല്ലാത്തത്. മത്സരം കാണുക, അവര്‍ ഒരു മികച്ച സ്റ്റേഡിയം ഉണ്ടാക്കി. നിങ്ങള്‍ക്ക് മത്സരം സുഖമായി കാണാം. ഗ്രൗണ്ടിലേക്ക് ഓടേണ്ട ആവശ്യമില്ല- രോഹിത് കൂട്ടിച്ചേര്‍ത്തു