ടി20 ലോകകപ്പ് 2024: ടൂര്‍ണമെന്റ് പാതിവഴിയിലാക്കി രണ്ട് ഇന്ത്യന്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങുന്നു

2024 ലെ ടി20 ലോകകപ്പില്‍ ‘ട്രാവലിംഗ് റിസര്‍വ്’ ആയി ഇന്ത്യ ടീമിലുള്‍പ്പെടുത്തിയ ശുഭ്മാന്‍ ഗില്ലും അവേഷ് ഖാനും നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നു. ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടം അവസാനിക്കുന്നതോടെ വെസ്റ്റ് ഇന്‍ഡീസിലേക്ക് ടീം സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്കായി യാത്ര ചെയ്യും. ഇതിനാലാണ് ഇന്ത്യ രണ്ട് സൂപ്പര്‍ താരങ്ങളെ റിസര്‍വ് പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത്.

സ്‌ക്വാഡിനൊപ്പം ഗില്ലിന്റെയും അവേഷിന്റെയും സാന്നിധ്യം അമേരിക്കയിലെ മത്സരങ്ങള്‍ക്ക് മാത്രമായാണ് ഉദ്ദേശിച്ചതെന്നാണ് മനസിലാക്കുന്നത്. അമേരിക്കയിലെ പിച്ചിന്റെ സ്വഭാവം പരിഗണിക്കുമ്പോള്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കാന്‍ സാധ്യത കൂടുതലായിരുന്നു. അതുകൊണ്ടാണ് ഇന്ത്യ റിസര്‍വ് താരങ്ങളായി ഇവരെയെല്ലാം പരിഗണിച്ചത്.

അതുമല്ല ടൂര്‍ണമെന്റില്‍ ശുഭ്മാന്‍ ഗില്ലിന് അവസരം ലഭിക്കാന്‍ യാതൊരു സാധ്യതയുമില്ല. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയുമാണ് നിലവില്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍. ഇവരിലൊരാള്‍ക്ക് പരിക്കേറ്റാല്‍ ഓപ്പണറായി യശ്വസി ജയ്സ്വാളാവും വരിക.

ടി20 ലോകകപ്പിന് ശേഷം ഇന്ത്യക്ക് സിംബാബ്‌വെ പര്യടനം വരുന്നുണ്ട്. ടി20 ലോകകപ്പ് കളിച്ച പ്രധാന താരങ്ങള്‍ക്കെല്ലാം ഇന്ത്യ ഇതില്‍ വിശ്രമം നല്‍കിയേക്കും. അങ്ങനെ വരുമ്പോള്‍ ശുഭ്മാന്‍ ഗില്ലും ആവേശ് ഖാനുമെല്ലാം ടീമിലുണ്ടാവും. അതിനുള്ള ഒരുക്കവും മനസില്‍ കണ്ടാണ് ഇവരുടെ മടക്കം.