ടി20 ലോകകപ്പ് ഫൈനല്‍: 'കരുത്ത് തിരിച്ചറിഞ്ഞ് കളിച്ചാല്‍ അവരെ തോല്‍പ്പിക്കുക പ്രയാസമാവും'; മുന്നറിയിപ്പ് നല്‍കി പോണ്ടിംഗ്

ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വിയറിയാതെയാണ് ഇരു ടീമും ഫൈനലില്‍ എത്തിയിരിക്കുന്നത്. അതിനാല്‍ ക്രിക്കറ്റ് പ്രേമികള്‍ ഇന്നൊരു തകര്‍പ്പന്‍ മത്സരം ആസ്വദിക്കാം. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു സുപ്രധാന മുന്നറിയിപ്പ് നല്‍കി രംഗത്തുവന്നിരിക്കുകയാണ് ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. കരുത്ത് തിരിച്ചറിഞ്ഞ് കളിച്ചാല്‍ ഇന്ത്യയെ തോല്‍പ്പിക്കുക പ്രയാസമായിരിക്കുമെന്ന് പോണ്ടിംഗ് പറഞ്ഞു.

പലരും പറയുന്നത് ഫൈനലിലെ സാധാരണ മത്സരമായിത്തന്നെ കാണാനാണ്. എത്ര വലിയ മത്സരമാണിതെന്ന ചിന്ത മറച്ച് കളിക്കണമെന്നാണ് അഭിപ്രായങ്ങള്‍ വരുന്നത്. എന്നാല്‍ അങ്ങനെ ചെയ്യുന്നത് നന്നാകില്ല. എന്താണോ സാഹചര്യം അതിനെ അംഗീകരിച്ച് മനസിലാക്കി കളിക്കുകയാണ് വേണ്ടത്.

ഇതിന് മുമ്പ് ദക്ഷിണാഫ്രിക്ക ഫൈനല്‍ കളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരവും നാളെയും ആസ്വദിക്കുക. നിങ്ങള്‍ ചെയ്യാന്‍ പോകുന്ന കാര്യവും മുന്നൊരുക്കവും ഒരുപോലെയാണെന്ന് ഉറപ്പ് വരുത്തുകയാണ് വേണ്ടത്.

ഇന്ത്യ തോല്‍വി അറിയാതെയാണ് ഫൈനലിലേക്കെത്തിയത്. അതുകൊണ്ടുതന്നെ ഇന്ത്യ മാറ്റങ്ങളില്ലാതെയാവും ഫൈനലിനിറങ്ങുക. ഇപ്പോള്‍ സാഹസകരമായ മാറ്റത്തിന് ഇന്ത്യ മുതിര്‍ന്നേക്കില്ല. ഇന്ത്യക്ക് ഇത്തവണ സുവര്‍ണ്ണാവസരമാണുള്ളത്. ഇന്ത്യ കരുത്ത് തിരിച്ചറിഞ്ഞ് കളിച്ചാല്‍ അവരെ തോല്‍പ്പിക്കുക പ്രയാസമാവും- പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു.