ഇന്ത്യൻ ക്രിക്കറ്റിൽ ഇന്ന് ചില താരങ്ങൾ പിടിച്ചുനിൽക്കുന്നത് പിആർ ഏജൻസി മികവ് കൊണ്ടാണോ? ആണെന്ന് ചില താരങ്ങളെ കാണുമ്പോൾ നമുക്ക് തോന്നും. വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും അടക്കമുള്ള താരങ്ങൾ ഈ കാലയളവിൽ പ്രകടനം നടത്തി തന്നെ മുന്നോട്ട് കയറി വന്നതാണെന്ന് നമുക്ക് അറിയാം. അതിനാൽ തന്നെ മോശം സമയത്തും അവർ ടീമിൽ പിടിച്ചുനിൽക്കുമ്പോൾ നമ്മൾ പഴയ പ്രകടനങ്ങൾ ഓർക്കും. കുറച്ചധികം മോശം പ്രകടനങ്ങൾ ഉണ്ടായാൽ പോലും നമ്മൾ പഴയ കാര്യം ഓർത്തുകൊണ്ട് ആ താരങ്ങൾക്കായി വീണ്ടും വാദിക്കും.
എന്നാൽ ഇതേ രോഹിതും കോഹ്‌ലിയുമൊക്കെ ഈ വർഷത്തെ ബോർഡർ ഗവാസ്‌ക്കർ ട്രോഫിയുടെ മോശം പ്രകടനത്തിന്റെ പേരിൽ വിമർശനം കേട്ടപ്പോൾ അവിടെ രക്ഷപെട്ട് പോയ താരങ്ങളിൽ പ്രധാനി ആയിരുന്നു-“ശുഭ്മാൻ ഗിൽ”. പ്രകടനം കൊണ്ട് ഗിൽ തീർത്തും നിരാശപ്പെടുത്തിയ പരമ്പര ആയിരുന്നിട്ട് കൂടി അദ്ദേഹത്തിന്റെ പേര് എവിടെയും ചർച്ച ആയില്ല. ഇത്തവണത്തെ പരമ്പരയിൽ മാത്രമല്ല കഴിഞ്ഞ ഓസ്‌ട്രേലിയൻ പര്യടനത്തിലെ മികവ് ഒഴിച്ചുനിർത്തിയാൽ വട്ട പൂജ്യമാണ് താരത്തിന്റെ വിദേശത്തെ പ്രകടനം എന്ന് പറയാം.
അങ്ങനെയുള്ള താരങ്ങൾ ശരിക്കും പറഞ്ഞാൽ പിആർ തള്ളുകളുടെ പേരിൽ മാത്രമാണ് പിടിച്ചുനിൽക്കുന്നത്. അവർ ഗില്ലിനെ ഭാവി ക്രിക്കറ്റിന്റെ രാജാവ് ആയിട്ടും കോഹ്‌ലിയുടെ പിൻഗാമി ആയിട്ടുമൊക്കെ വെച്ചിരിക്കുകയാണ്. കോഹ്‌ലിയൊക്കെ നടത്തിയ പ്രകടനങ്ങളുടെ നാലിലൊന്ന് പോലും പലപ്പോഴും നടത്തുന്നതിൽ പരാജയപ്പെട്ട താരത്തിന് കിട്ടുന്ന ബൂസ്റ്റ് അയാൾക്ക് വീണ്ടും വീണ്ടും അവസരങ്ങളായി നൽകുന്നു. ഇന്ന് ടി 20 ടീമിൽ മാത്രമാണ് ഗിൽ സ്ഥിരംഗം അല്ലാത്തത്. ഈ ബോർഡർ ഗവാസ്‌ക്കർ പരമ്പരയിലൊക്കെ യാതൊരു ഉത്തരവാദിത്വവും കാണിക്കാതെയാണ് താരം കളിച്ചത് എന്നാണ് ശ്രദ്ധിക്കേണ്ട കാര്യം. ഏറ്റവും ആവശ്യമുള്ളപ്പോൾ പോലും അനാവശ്യ ഷോട്ടുകൾ കളിച്ച് താരം വിക്കറ്റ് ദാനമായി നൽകി.
അവിടെയാണ് സഞ്ജു അടക്കമുള്ള താരങ്ങളുടെ പ്രാധാന്യം. ഇന്നലെ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ പന്ത് കളിച്ചത് പോലെ വന്ന ഉടനെ തന്നെ ആക്രമിക്കാനും എതിരാളികളെ വിറപ്പിക്കാനും ഉള്ള കളി ശൈലിയുള്ള ചുരുക്കം ആളുകളിൽ ഒരാളാണ് അദ്ദേഹം. ആ താരത്തെ പോലെ തന്നെ സെറ്റ് ആയാൽ യദേഷ്ടം റൺ അടിച്ചുകൂട്ടി ടെസ്റ്റിലും ടി 20 ശൈലി കളിക്കാൻ സഞ്ജുവിനൊക്കെ പറ്റും. മികച്ച ആഭ്യന്തര റെക്കോഡിങ് ഉടമായ സഞ്ജുവിനെയൊക്കെ ഇന്ത്യ മറ്റ് ഫോർമാറ്റിലേക്കും പരിഗണിക്കണം.
ഇന്നത്തെ കാലഘട്ടം ഡിമാൻഡ് ചെയ്യുന്ന ക്രിക്കറ്റ് ശൈലി കളിക്കാനും ടീമിനായി ഏതറ്റം വരെ പോകാനും ഉള്ള തന്റെ കഴിവ് കാണിച്ചിട്ടുള്ള സഞ്ജു ആ സ്ഥാനമൊക്കെ അർഹിക്കുന്നുണ്ട്.