കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബോളറുമാരെ ഈഡൻ ഗാർഡൻസിൽ യശസ്വി ജയ്സ്വാൾ കൂട്ടക്കൊല ചെയ്ത രാത്രിയിൽ ഇന്നലെ രാജസ്ഥാൻ റോയൽസ് 13.1 ഓവറിൽ 150 റൺസ് പിന്തുടർന്നപ്പോൾ, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ചുറിയാണ് ജയ്സ്വാൾ നേടിയത്.
കൊൽക്കത്ത ബാറ്റ്സ്മാന്മാർ റൺസ് കണ്ടെത്താൻ വളരെ വിഷമിച്ച ട്രാക്കിലാണ് ജയ്സ്വാൾ ആദ്യ ഓവറിൽ തന്നെ 26 റൺസ് നേടിയത്. ആദ്യ 2 പന്തിലും സിക്സ് അടിച്ച് തുടങ്ങിയ ജയ്സ്വാളിനെ പിടിച്ചുകെട്ടാൻ ഒരു മരുന്നും കൊൽക്കത്ത ബോളറുമാരുടെ അടുത്ത് ഇല്ലായിരുന്നു. അതിനിടയിൽ വടി കൊടുത്ത് അടി വാങ്ങുന്ന പോലെ നിതീഷ് റാണ തന്നെ ആദ്യ ഓവർ എറിയുകയും ചെയ്തു. അതോടെ സമ്മർദ്ദം മുഴുവൻ കൊൽക്കത്തക്കായി.
എന്നിരുന്നാലും, ജയ്സ്വാളിന് ചെറിയ അബദ്ധം പറ്റിയ ഒരു നിമിഷം മത്സരത്തിൽ ഉണ്ടായിരുന്നു. രണ്ടാം ഓവറിലെ നാലാമത്തെ ഡെലിവറിക്ക് ശേഷം, ഇല്ലാത്ത സിംഗിളിനുള്ള അദ്ദേഹത്തിന്റെ ആഹ്വാനം ജോസ് ബട്ട്ലറുടെ റണ്ണൗട്ടിൽ കലാശിച്ചു. ആവശ്യമില്ലാത്ത ആ ഓട്ടം മാത്രം ആയിരുന്നു താരത്തിന് പറ്റിയ അബദ്ധം. അതിനോടകം തന്നെ ജയ്സ്വാൾ 27 റൺസ് നേടിയിരുന്നു.
ജോസ് പുറത്തായപ്പോൾ എത്തിയതോ സഞ്ജു സാംസൺ, യുവതാരത്തെ ആ റണ്ണൗട്ട് സമ്മർദ്ദം ബാധിക്കാൻ പാടില്ല എന്നത് സഞ്ജുവിന് നിർബന്ധം ഉണ്ടായിരുന്നു. അതിനാൽ തന്നെ ക്രീസിൽ എത്തിയ ഉടനെ സഞ്ജു ചെയ്തത് അദ്ദേഹത്തെ ശാന്തനാക്കി എന്നതാണ്.
“ഇത് (റൺ ഔട്ട്) ഗെയിമിൽ സംഭവിക്കുമെന്ന് ഞാൻ കരുതുന്നു, ആരും അത് മനഃപൂർവം ചെയ്യുന്നില്ല. അതിനാൽ നല്ല രീതിയിൽ കളിക്കുന്നത് തുടരുക. സഞ്ജു ഭായ് എന്റെ അടുത്ത് വന്ന് പറഞ്ഞു, ‘വിഷമിക്കേണ്ട, നിങ്ങളുടെ ഗെയിം കളിക്കുന്നത് തുടരൂ, നിങ്ങൾ നല്ല ഫോമിലാണ് ’ അതോടെ ഞാൻ ശാന്തനായി.” ജയ്സ്വാൾ മത്സരത്തിന് ശേഷമുള്ള അവതരണത്തിനിടെ പറഞ്ഞു.
Read more
തന്റെ പ്രകടനത്തിൽ “ആത്മവിശ്വാസം” വലിയ പങ്കുവഹിക്കുന്നുണ്ടെന്നും മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള മനസ്സോടെയാണ് താൻ എപ്പോഴും ബാറ്റ് ചെയ്യാൻ ഇറങ്ങുന്നതെന്നും ജയ്സ്വാൾ മത്സരശേഷം പറഞ്ഞു.