ഏഷ്യ കപ്പില്‍ നിന്നും പിന്മാറുമെന്ന പാക്ക് ഭീഷണിക്ക് കിടിലന്‍ മറുപടിയുമായി ബിസിസിഐ

ഇന്ത്യയും പാക്കിസ്ഥാനുമായി തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുകയാണ്. ഇൗ സാഹചര്യത്തില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏഷ്യ കപ്പില്‍ നിന്നും പിന്മാറുമെന്ന ഭീഷണിയുമായി പാക്കിസ്ഥാന്‍ രംഗത്തു വന്നിരുന്നു. ടൂര്‍ണമെന്റില്‍ പങ്കെടുക്കണോ വേണ്ടയോ എന്നു പാക്കിസ്ഥാന്‍ തന്നെ തീരുമാനിക്കട്ടെയെന്നു ബിസിസിഐ മറുപടി നല്‍കി.

ഈ വര്‍ഷം നടക്കുന്ന ഏഷ്യ കപ്പില്‍ നിന്നും വിട്ടു നില്‍ക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിക്കുമോ എന്നതാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ച. സെപ്റ്റംബര്‍ 15 മുതല്‍ 30 വരെയാണ് ഏഷ്യ കപ്പിന്റെ 14 -ാം പതിപ്പ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ടൂര്‍ണമെന്റ് മുമ്പ് നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നു ബിസിസിഐയുടെ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി വ്യക്തമാക്കി.

നിലവില്‍ ബിസിസിഐയ്ക്കു എതിരെ പാക്ക് ക്രിക്കറ്റ് ബോര്‍ഡ്‌ പിസിബി കേസ് നല്‍കിയിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബൈ-ലാറ്ററല്‍ സീരീസ് ഇന്ത്യ കളിച്ചില്ല. ഇതിനു എതിരെയാണ് പരാതി. ഇരു രാജ്യങ്ങളും തമ്മില്‍ എട്ടു വര്‍ഷത്തിനുളളില്‍ എട്ടു പരമ്പര കളിക്കാമെന്നു കരാര്‍ നിലവിലുണ്ട്. എന്നിട്ടും ഇന്ത്യ ബൈ-ലാറ്ററല്‍ സീരീസ് കളിച്ചില്ലെന്നു പാക്കിസ്ഥാന്‍ ആരോപിക്കുന്നു. ഇന്ത്യ പാക്ക് നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണതു കൊണ്ടാണ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് അനുമതി നിഷേധിക്കപ്പെട്ടത്.