കോഹ്‌ലിയെ പിടികൂടിയ സെഞ്ച്വറി ഭൂതം സ്റ്റീവ് സ്മിത്തിന്റെ ബാറ്റിലേക്കും കയറി ; 27 സെഞ്ച്വറികള്‍ക്ക് ശേഷം രണ്ടുപേരും ഒരുപോലെ

രണ്ടുവര്‍ഷമായി സെഞ്ച്വറിയ്ക്ക് വേണ്ടി കാത്തിരിക്കുന്ന വിരാട്‌കോഹ്ലിയുടെ സെഞ്ച്വറി ഭൂതം ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന്റെ ബാറ്റിലേക്കും കയറി. പാകിസ്താനില്‍ 25 വര്‍ഷത്തിന് ശേഷം ക്രിക്കറ്റ് പരമ്പരയ്ക്കായി എത്തിയ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തും സെഞ്ച്വറി നേടാനാകാതെ വലയുകയാണ്. പാകിസ്താനെതിരേ മൂന്നാം ടെസ്റ്റിലും സ്മിത്ത് തകര്‍പ്പന്‍ അര്‍ദ്ധശതകം നേടി പുറത്തായി. ഗദ്ദാഫി സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റ് ചെയ്ത ഓസീസിനായി 59 റണ്‍സാണ് സ്മിത്ത് നേടിയത്.

എട്ടു റണ്‍സിന് രണ്ടു വിക്കറ്റ് എന്ന നിലയില്‍ ഓസീസ് പതറുമ്പോഴായിരുന്നു സ്മിത്ത് ബാറ്റിംഗിനെത്തിയത്. ഡേവിഡ് വാര്‍ണറേയും മാര്‍നസ് ലബുഷാനേയും ഒരേ ഓവറില്‍ ഷഹീന്‍ അഫ്രീദി പുറത്താക്കിയതിന് പിന്നാലെയായിരുന്നു സ്മിത്ത് കളത്തിലെത്തിയത്. ഉസ്മാന്‍ ഖ്വാജയുമായി ഒന്നാന്തരം കൂട്ടുകെട്ടാണ് സ്മിത്ത് കണ്ടെത്തിയത്. എന്നാല്‍ ഈ മത്സരത്തിലും അര്‍ദ്ധശതകം സെഞ്ച്വറിയാക്കി മാറ്റാന്‍ സ്മിത്തിന് കഴിഞ്ഞില്ല. 2021 ജനുവരിയില്‍ ഇന്ത്യയ്ക്ക് എതിരേ നാട്ടില്‍ നേടിയ ശേഷം സെഞ്ച്വറി വരള്‍ച്ച നേരിടുകയാണ് സ്മിത്ത്.

തുടര്‍ച്ചയായി മൂന്നാം തവണയാണ് സ്മിത്ത് 50 കടക്കുന്നതും മൂന്നക്ക സംഖ്യയ്ക്ക് മുന്നില്‍ വീണുപോകുന്നതും. ആദ്യ ടെസ്റ്റില്‍ 72 നും രണ്ടാം ടെസ്റ്റില്‍ 78 നും പുറത്തായിരുന്നു. ഇത്തവണത്തെ ആഷസിലും രണ്ടു തവണ അര്‍ദ്ധശതകം നേടിയെങ്കിലും സെഞ്ച്വറി നേടാന്‍ സ്മിത്തിനായില്ല. 27 ാം ടെസ്റ്റ് സെഞ്ച്വറിയ്ക്ക് ശേഷം മറ്റൊന്നു കണ്ടെത്താന്‍ രണ്ടു വര്‍ഷമായി പാടുപെടുന്ന വിരാട്‌കോഹ്ലിയുടെ ദൗര്‍ഭാഗ്യത്തോടാണ് സ്റ്റീവന്‍ സ്മിത്തിന്റെ നിലവിലെ അവസ്ഥയെ ക്രിക്കറ്റ് ആരാധകര്‍ താരതമ്യപ്പെടുത്തുന്നത്.