ഇന്ത്യന്‍ ദേശീയ മൃഗം രോഹിത്തിന്‍റെ രൂപത്തില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ പ്രത്യക്ഷപ്പെട്ടു!

സിംഹം എന്ന രാജാവിനെ വീഴ്ത്തിയാല്‍ പിന്നെ ഈ കാട് തങ്ങള്‍ക്ക് സ്വന്തം എന്ന് കരുതിയ കംഗാരുക്കള്‍, സിംഹ രാജാവ് തങ്ങള്‍ കുഴിച്ച കെണിയില്‍ കുരുങ്ങിയ കാഴ്ച കണ്ടു കാട് സ്വന്തമായെന്ന പ്രതീതിയില്‍ പതിയെ ആഘോഷിച്ചു തുടങ്ങവേയാണ്.. മഴക്കാടുകള്‍, ചതുപ്പ് നിലങ്ങള്‍, പുല്‍ മേടുകള്‍ , മഞ്ഞു മലകള്‍ തുടങ്ങി ഏതു ആവാസ വ്യവസ്ഥയിലും കൂസതെ പിടിച്ചു നില്‍ക്കുന്ന.. ഇരയെ പതിയിരുന്നും, നേര്‍ക്ക് നേരെ നിന്നും ആക്രമിച്ചു കീഴ്‌പ്പെടുത്തുന്ന ശീലമുള്ള.. താന്‍ അധിവസിക്കുന്ന ചുറ്റുപാടില്‍ തന്നോട് കിട പിടിക്കുന്ന മറ്റൊരുത്തനെയും വച്ചു പൊറുപ്പിക്കാത്ത..

കുത്തൊഴുക്കുള്ള ജലത്തിലും തുടര്‍ച്ചയായി ഏഴു മണിക്കൂറുകളോളം നീന്തുവാന്‍ സാധിക്കുന്ന, ഏതു കൂരിരുട്ടിലും ഒരു തരി പിഴക്കാത്ത കാഴ്ചയുള്ള.. തന്റെ ശരീര ഭാരത്തിന്റെ ഇരട്ടിയിലധികം ഭാരം കടിച്ചെടുത്തു കൊണ്ടു എത്ര വലിയ ഉയരത്തിലും അനായസേന കയറുവാന്‍ തക്ക കരുത്തുള്ള ഇന്ത്യന്‍ ദേശീയ മൃഗം രോഹിതിന്റെ രൂപത്തില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ പ്രത്യക്ഷ്യപെടുന്നത്.

മാസങ്ങള്‍ക്ക് മുന്‍പ് അയാളുടെ ലോകകപ്പ് സ്വപ്നങ്ങളെ പിച്ചി ചീന്തിയതിന്റെ പകയോടെ അയാള്‍ അവരെ വേട്ടയാടി രസിക്കുമ്പോള്‍ , ആ കാല്‍കീഴില്‍ അമര്‍ന്നു ഇല്ലാതെയാകുമ്പോള്‍, പണ്ടെവിടെയോ വായിച്ചത് ഓര്‍മയിലേക്ക് ഇരച്ചുവന്നു.

1997 റഷ്യയില്‍ തന്റെ ടെറിട്ടറിയില്‍ അനധികൃതമായി കടന്നു കയറി തനിക്ക് നേരെ നിറയൊഴിച്ചു, താന്‍ വേട്ടയാടിപിടിച്ച ഇരയുമായി കടന്നു കളഞ്ഞ വളാഡമിര്‍ മാര്‍ക്കോവ് എന്ന വേട്ടക്കാരനെ തിരഞ്ഞു ദിവസങ്ങള്‍ക്കു ശേഷം അയാളുടെ വീട്ടില്‍ ചെല്ലുകയും, ആ നേരം അയാള്‍ പുറത്തു പോയതിനാല്‍ അയാള്‍ തിരിച്ചു വരുന്നത് വരെ ഏകദേശം 48 മണിക്കൂറുകളോളം അവിടെ കാത്തിരുന്നു ഒടുവില്‍ അയാള്‍ തിരിച്ചെത്തിയപ്പോള്‍ അയാളെ കൊലപെടുത്തുകയും ആ വീട്ടില്‍ അയാളുടെ ഗന്ധം ഉണ്ടായിരുന്ന എല്ലാ വസ്തുക്കളും കടിച്ചു കീറുകയും ചെയ്ത സൈബരിയന്‍ കടുവയുടെ കഥ വെറുമൊരു കഥയല്ലെന്ന് കംഗാരുക്കള്‍ തിരിച്ചറിയുകയായിരുന്നു .. രോഹിത്! എന്തൊരു കളിയായിരുന്നു ഭായ്..

എഴുത്ത്: സനല്‍ കുമാര്‍ പത്മനാഭന്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍