ഇന്നലെ പുറത്തായതിന് ശേഷം കണ്ടത് സഞ്ജുവിന്റെ വ്യത്യസ്ത മുഖം, ഇന്ത്യൻ ആരാധകരെ ആ കാര്യം ഓർമിപ്പിച്ച് മലയാളി താരം; ഇത് നൽകുന്നത് പ്രതീക്ഷ

ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീമിനെതിരായ ആദ്യ ടി20 ഐയിൽ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം ബാറ്റർ സഞ്ജു സാംസൺ കളിച്ചത് തകർപ്പൻ ഇന്നിംഗ്സ് ആയിരുന്നു. ഗ്വാളിയോറിലെ ന്യൂ മാധവറാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ടീമുകൾ തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം നടന്നത്.

ഇന്നിംഗ്‌സ് ഓപ്പൺ ചെയ്‌ത സഞ്ജു സാംസൺ, മികച്ച ചില ഷോട്ടുകൾ കളിച്ച് മികച്ച രീതിയിലാണ് ഇന്നിംഗ്‌സ് ആരംഭിച്ചത്. കീപ്പർ-ബാറ്റർ തൻ്റെ ഇന്നിംഗ്‌സിൽ ഹൈ-ക്ലാസ് ടൈമിംഗിൻ്റെ ഒരു കൂട്ടം ഷോട്ടുകൾ പ്രദർശിപ്പിക്കുകയും മികച്ച സ്‌ട്രോക്ക് പ്ലേ ഉപയോഗിച്ച് ആരാധകരെ ത്രിൽ അടിപ്പിക്കുകയും ചെയ്തു.

ഒരൊറ്റ ഷോട്ട് മാത്രമാണ് താരം മോശം ആയി കളിച്ചത്. എട്ടാം ഓവറിലെ അഞ്ചാം പന്തിൽ, മെഹിദി ഹസന്റെ പന്തിൽ ഡീപ് മിഡ് വിക്കറ്റിൽ ക്യാച്ച് നൽകിയാണ് സഞ്ജു സാംസം മടങ്ങിയത്. പുറത്തായതിന് ശേഷമുള്ള കീപ്പറുടെ പ്രതികരണമാണ് പലരുടെയും ശ്രദ്ധയാകർഷിച്ചത്. നിരാശനായി, ദേഷ്യപ്പെട്ട് മടങ്ങുകയാണ് സഞ്ജു ചെയ്തത്.

അയാളുടെ ബാറ്റിംഗ് ശൈലിയിൽ യാതൊരു വ്യത്യാസവും വരുത്താതെ എന്താണോ സഞ്ജു ഉണ്ടാക്കിയ ഐഡന്റിറ്റി അതിൽ തന്നെ അയാൾ കളിച്ചു. സഞ്ജു അടിച്ച 6 ബൗണ്ടറികൾ, ആ ആറിനും വ്യത്യസ്തത ഉണ്ടായിരുന്നു. കാഴ്ചക്കാരെ കൊണ്ട് ഒരു “വൗ” പറയിപ്പിക്കുന്ന രീതിയിൽ ഉള്ള ചന്തമുള്ള ഷോട്ടുകൾ ആയിരുന്നു എല്ലാം. അതിനാൽ തന്നെ സമീപകാലത്ത് അദ്ദേഹം ടീമിനായി നടത്തിയ ഏറ്റവും മികച്ച പ്രകടനമായി ഇന്നലത്തെ പ്രകടനത്തെ പറയാൻ സാധിക്കും.

എന്തായാലും പണ്ട് ഔട്ട് ആയാൽ പോലും വികാരങ്ങൾ കാണിക്കാത്ത സഞ്ജു സാംസണ് അടങ്ങാത്ത റൺ ദാഹം വന്നു എന്നതിന്റെ തെളിവാണ് ഇന്നലത്തെ ദേഷ്യത്തിലുള്ള മടക്കം എന്ന് ഉറപ്പിക്കാം.