ആ താരത്തിന്റെ പേര് മാറ്റി ഈഗോ സ്റ്റാർ എന്നാക്കണം, അതിന്റെ തെളിവാണ് നമ്മൾ പരമ്പരയിൽ കണ്ടത്; ഇന്ത്യൻ താരത്തിനെതിരെ ബ്രാഡ് ഹാഡിൻ

മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ബ്രാഡ് ഹാഡിൻ രവിചന്ദ്രൻ അശ്വിൻ BGT 2024-25 വഴി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനെക്കുറിച്ച് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഹാഡിൻ്റെ വീക്ഷണത്തിൽ, ആദ്യ ടെസ്റ്റിൽ ഇന്ത്യ വാഷിംഗ്ടൺ സുന്ദറിനെ തിരഞ്ഞെടുത്തപ്പോൾ അശ്വിൻ്റെ ഈഗോ അവിടെ പ്രശ്‌നമായി മാറി.

വില്ലോ ടോക്കിൽ സംസാരിച്ച ബ്രാഡ് ഹാഡിൻ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അടുത്തിടെ സമാപിച്ച ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പര അവലോകനം ചെയ്തു. ഓസീസ് ഇന്ത്യയെ 3-1 ന് പരാജയപ്പെടുത്തി, ബ്രിസ്ബേനിൽ നടന്ന പരമ്പരയിലെ മൂന്നാം ടെസ്റ്റിന് ശേഷം, ഇന്ത്യൻ ഓൾറൗണ്ടർ രവിചന്ദ്രൻ തൻ്റെ കരിയർ അവസാനിപ്പിക്കാൻ തീരുമാനിക്കുക ആയിരുന്നു.

ഹാഡിൻ്റെ അഭിപ്രായത്തിൽ, രാജ്യത്തിൻ്റെ ഒന്നാം നമ്പർ സ്പിന്നറായി പരിഗണിക്കപ്പെടാത്തതിൽ മുൻ ഇന്ത്യൻ സ്പിന്നർ അതൃപ്തനായിരുന്നു.

“അശ്വിൻ മിഡ്-സീരീസിൽ നിന്ന് വിരമിക്കുന്നത് ഒരു തമാശയായിരുന്നു. ടീമിൽ അവസരം കിട്ടാത്തതിൽ ഉള്ള ദേഷ്യമായിരുന്നു നമ്മൾ കണ്ടത്. അവൻ തന്നെത്തന്നെ ഒന്നാം നമ്പർ സ്പിന്നറായി കാണുന്നു. അവൻ്റെ റെക്കോർഡ് എലൈറ്റ് ആണ്. ടീമിൽ അവസരം കിട്ടാത്തപ്പോൾ ഉള്ള ദേഷ്യമാണ് അവൻ തീർത്തത്.” ഹാഡിൻ പറഞ്ഞു.

പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകളിൽ ഇന്ത്യ മൂന്ന് സ്പിന്നർമാരെ പരീക്ഷിച്ചു. വാഷിംഗ്ടൺ സുന്ദർ ആദ്യ ടെസ്റ്റ് കളിച്ചെങ്കിലും അടുത്ത മത്സരത്തിൽ അശ്വിൻ പകരക്കാരനായി. മൂന്നാം ടെസ്റ്റിൽ അശ്വിന് പകരക്കാരനായി രവീന്ദ്ര ജഡേജ പ്ലെയിങ് ഇലവനിലെത്തി. അവസാന രണ്ട് ടെസ്റ്റിൽ ആകട്ടെ വാഷിങ്ടണും ജഡേജയും ഒരുമിച്ച് കളത്തിൽ ഇറങ്ങി.