ഒന്ന് ഡാൻസ് കളിച്ചത് മാത്രമേ ഓർമ്മയുള്ളൂ, മാപ്പ് പറഞ്ഞ് തടിയൂരി ഹർഭജനും സംഘവും; സംഭവം ഇങ്ങനെ

യുവരാജ് സിംഗ്, ഹർഭജൻ സിംഗ്, സുരേഷ് റെയ്‌ന എന്നിവർ ബോളിവുഡിലെ ട്രെൻഡിംഗ് ഗാനമായ ‘തൗബ തൗബ’യ്‌ക്ക് നൃത്തം ചെയ്ത ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആ വീഡിയോയിൽ തമാശയായി മൂവരും മുടന്തുന്ന ഒരു ഭാഗം ഉൾപ്പെടുത്തിയതിന് താരങ്ങൾ സോഷ്യൽ മീഡിയയിൽ വൻ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരിക്കുകയാണ്.

കഴിഞ്ഞ ആഴ്‌ച ലോക ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിൻ്റെ ഉദ്ഘാടന പതിപ്പ് നേടിയ ഇന്ത്യ ചാമ്പ്യൻസ് ടീമിൻ്റെ ഭാഗമായിരുന്നു മൂന്ന് ഇതിഹാസ ക്രിക്കറ്റ് താരങ്ങൾ. മെൻ ഇൻ ബ്ലൂ ഫൈനലിൽ ബദ്ധവൈരികളായ പാകിസ്ഥാൻ ചാമ്പ്യൻമാരെ പരാജയപ്പെടുത്തിയതിന് ശേഷം, മൂന്ന് പ്രമുഖരും അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലേക്ക് ഒരു വീഡിയോ അപ്‌ലോഡ് ചെയ്യുകയും അതിൽ കളിയായി മുടന്തുന്നത് പോലെ കാണിക്കുകയും ചെയ്തിരുന്നു.

എന്നിരുന്നാലും, പാരാ ബാഡ്മിൻ്റൺ താരം മാനസി ജോഷി ഈ വീഡിയോ ചെയ്ത താരങ്ങൾക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ്. നാഷണൽ സെൻ്റർ ഫോർ പ്രൊമോഷൻ ഓഫ് എംപ്ലോയ്‌മെൻ്റ് ഫോർ ഡിസേബിൾഡ് പീപ്പിൾ (എൻസിപിഇഡിപി) എക്‌സിക്യൂട്ടീവ് ഡയറക്ടർ അർമാൻ അലിയും ക്രിക്കറ്റ് താരങ്ങൾക്കെതിരെ അമർ കോളനി പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയ്ക്ക് പരാതി നൽകിയിരുന്നു.

15 ദിവസം തുടർച്ചയായി മത്സര ക്രിക്കറ്റ് കളിച്ചതിന് ശേഷം അവരുടെ ശരീരം എത്രമാത്രം വേദനിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് ഞങ്ങളുടെ വീഡിയോക്ക് പിന്നിലെ ഉദ്ദേശം എന്നാണ് സൂപ്പർ താരം പറഞ്ഞത്. എന്നിരുന്നാലും, മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ആരെങ്കിലും തങ്ങൾ മൂലം വേദനിച്ചിട്ടുണ്ടെങ്കിൽ അവരോട് മാപ്പും പറഞ്ഞിരിക്കുകയാണ്.

“ഇംഗ്ലണ്ടിൽ ചാമ്പ്യൻഷിപ്പ് നേടിയതിന് ശേഷം സോഷ്യൽ മീഡിയയിൽ തൗബ തൗബയുടെ സമീപകാല വീഡിയോകളെക്കുറിച്ച് പരാതിപ്പെടുന്ന ഞങ്ങളുടെ ആളുകളോട് ഇത് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആരുടെയും വികാരം വ്രണപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിച്ചില്ല. ഞങ്ങൾ എല്ലാ വ്യക്തികളെയും സമൂഹത്തെയും ബഹുമാനിക്കുന്നു, ഈ വീഡിയോ ഒരു തമാശയാണ്. 15 ദിവസം ക്രിക്കറ്റ് കളിച്ചതിന് ശേഷം നമ്മുടെ ശരീരത്തെ പ്രതിഫലിപ്പിക്കാൻ ആണ് ഇത് ചെയ്തത്.” ഹർഭജൻ തൻ്റെ ഔദ്യോഗിക ‘എക്സ്’ ഹാൻഡിൽ കുറിച്ചു.

അതേസമയം ഈ വീഡിയോ ചെയ്തതിനെ അനുകൂലിച്ച് എത്തുന്നവരും നിരവധിയാണ്.