ബാക്കി താരങ്ങൾ രണ്ട് കിലോമീറ്റർ ഓടാൻ പത്ത് മിനിറ്റ് എടുക്കും, എന്നാൽ അവന് വേണം 20 മിനിറ്റ്; സൂപ്പർ താരത്തെക്കുറിച്ച് മുഹമ്മദ് ഹഫീസ്

അന്താരാഷ്ട്ര ക്രിക്കറ്റിനോടുള്ള അസം ഖാൻ്റെ പ്രതിബദ്ധതയെ ചോദ്യം ചെയ്ത് മുൻ പാകിസ്ഥാൻ പുരുഷ ക്രിക്കറ്റ് ടീം ഡയറക്ടർ മുഹമ്മദ് ഹഫീസ്. റണ്ണിംഗ് പരിശീലനത്തിനിടെ രണ്ട് കിലോമീറ്റർ താണ്ടാൻ യുവതാരത്തിന് ഏകദേശം 20 മിനിറ്റ് വേണ്ടിവരുമെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ പറഞ്ഞു.

2024-ലെ ടി20 ലോകകപ്പിൽ പാകിസ്ഥാൻ മികച്ച പ്രകടനം പുറത്തെടുക്കാൻ പാടുപെടുന്നതിനിടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി അസമിൻ്റെ ഫിറ്റ്‌നസ് ഒരു പ്രധാന ചർച്ചാവിഷയമാണ്. 25-കാരൻ്റെ മോശം കീപ്പിംഗും ബാറ്റിംഗും അദ്ദേഹത്തെ ഇലവനിൽ നിന്ന് പുറത്താക്കാൻ മാനേജ്‌മെൻ്റിനെ നിർബന്ധിതരാക്കി.

ഒരു പ്രാദേശിക വാർത്താ ചാനലിനോട് സംസാരിക്കവെയാണ് ഹഫീസ് മനസ് തുറന്നത്.

“മുഴുവൻ പാകിസ്ഥാൻ ടീമിനും 10 മിനിറ്റിനുള്ളിൽ രണ്ട് കിലോമീറ്റർ താണ്ടാൻ കഴിയും, എന്നാൽ അസം ഖാൻ ദൂരം പിന്നിടാൻ 20 മിനിറ്റ് എടുക്കും. ഖേദകരമെന്നു പറയട്ടെ, അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നതിൽ അസം ഖാൻ അത്ര ഗൗരവമുള്ളയാളല്ല.”

2021-ൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച അസമിന് 14 ടി20കളിൽ നിന്ന് 8.80 ശരാശരിയിൽ 88 റൺസ് മാത്രമാണ് നേടാനായത്.