അപ്പോൾ ആ കാര്യത്തിനൊരു തീരുമാനമായി, വിരാട് കോഹ്‌ലിയുടെ വിരമിക്കൽ സമയം പറഞ്ഞ് പരിശീലകൻ; അന്ന് അത് സംഭവിക്കും

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് ബ്രിസ്‌ബേനിൽ അവസാനിച്ചതിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‌ലി വിമാനത്താവളത്തിൽ ഏതാനും മാധ്യമപ്രവർത്തകരുമായി ചൂടേറിയ ആശയവിനിമയത്തിൽ ഏർപ്പെട്ടത് വാർത്ത ആയിരുന്നു. ക്രിക്കറ്റ് കളത്തിൽ നിന്ന് മാറി നിന്നാൽ വ്യക്തിജീവിതത്തിൽ സ്വകാര്യത നിലനിർത്താൻ ഇഷ്ടപ്പെടുന്ന കോഹ്‌ലി, തന്നെയും കുടുംബാംഗങ്ങളെയും മാധ്യമങ്ങൾ ചിത്രീകരിക്കുന്നതിൽ അസ്വസ്ഥൻ ആയെന്നാണ് റിപ്പോർട്ട്. വിമാനത്താവളത്തിൽ താനും മക്കളും നടന്നുപോകുന്നത് ക്യാമറ കണ്ണുകൾ ഒപ്പിയെടുക്കുന്നതിലാണ് താരം ബുദ്ധിമുട്ട് പ്രകടിപ്പിച്ചത്. എന്നാൽ, ഇത് തെറ്റിദ്ധാരണ മാത്രമായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. വിരമിച്ചുകഴിഞ്ഞാൽ തനിക്ക് ഇന്ത്യയിൽ തുടരാൻ താത്പര്യമില്ല എന്നും ലണ്ടനിൽ താമസിക്കാനാണ് ഇഷ്ടം എന്നും കോഹ്‌ലി നേരത്തെ തന്നെ വെളിപ്പെടുത്തിയ കാര്യമാണ്.

ദൈനിക് ജാഗരണുമായുള്ള അഭിമുഖത്തിൽ വിരാട് കോഹ്‌ലിയുടെ ബാല്യകാല പരിശീലകൻ രാജ്കുമാർ ശർമ്മയാണ് ക്രിക്കറ്റ് താരത്തിൻ്റെ പദ്ധതികൾ വെളിപ്പെടുത്തിയത്. വിരാട് ഇന്ത്യ വിട്ട് ഭാര്യ അനുഷ്‌ക ശർമ്മയ്‌ക്കും രണ്ട് മക്കളായ വാമികയ്ക്കും അകായ്‌ക്കുമൊപ്പം ലണ്ടനിലേക്ക് പോകാനാണോ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിച്ചു. കോഹ്‌ലി ലണ്ടനിൽ സ്ഥിരതാമസമാക്കാൻ സാധ്യതയുണ്ടെന്ന വ്യക്തമായ സൂചനയാണ് പരിശീലകൻ നൽകിയത്.

“വിരാട് ലണ്ടനിലേക്ക് മാറും. അവൻ ഇന്ത്യ വിടും,” രാജ്കുമാർ പറഞ്ഞതായി ദൈനിക് ജാഗരൺ ദിനപത്രം റിപ്പോർട്ട് ചെയ്തു. തൻ്റെ കുടുംബത്തിൻ്റെ സ്വകാര്യതയെയും സുരക്ഷയെയും കുറിച്ച് വിരാട് ആശങ്കാകുലനാണ്, ഇന്ത്യയിലെ ഒരു സെലിബ്രിറ്റിയായതിനാൽ മാധ്യമശ്രദ്ധയിൽ നിന്ന് മാറിനിൽക്കാൻ തൻ്റെ കുടുംബത്തെ അനുവദിക്കില്ലെന്ന് അദ്ദേഹത്തിന് അറിയാം.”

“തൻ്റെ കുട്ടികളുടെ ചിത്രങ്ങളിൽ ക്ലിക്ക് ചെയ്യരുതെന്ന് കോലി മാധ്യമപ്രവർത്തകരോടും ആരാധകരോടും അഭ്യർത്ഥിച്ചിരുന്നു. എന്നിരുന്നാലും, അദ്ദേഹത്തിൻ്റെ അഭ്യർത്ഥനയ്ക്ക് ചില സമയങ്ങളിൽ അനുകൂലമായ പ്രതികരണം ലഭിച്ചില്ല, ഇത് അവനെയും അനുഷ്കയെയും ദേഷ്യം പിടിപ്പിച്ചു.” പരിശീലകൻ പറഞ്ഞു

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് വിരാട് ചിന്തിക്കുന്നില്ലെന്ന് അദ്ദേഹത്തിൻ്റെ ബാല്യകാല പരിശീലകൻ പറഞ്ഞു. വിരാടിന് അഞ്ച് വർഷം കൂടി കളിക്കാനാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.