അടുത്ത മാസം 2024-ലെ ഐസിസി ടി20 ലോകകപ്പ് 2024 കാമ്പെയ്ൻ ആരംഭിക്കുന്നതിന് മുമ്പ് വെസ്റ്റ് ഇൻഡീസിനും നമീബിയക്കുമെതിരായ രണ്ട് സന്നാഹ മത്സരങ്ങൾക്ക് തങ്ങളുടെ ടീമിന് കളിക്കാരുടെ കുറവുണ്ടെന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷ് വെളിപ്പെടുത്തി. ഇന്ത്യൻ പ്രീമിയർ ലീഗ് പ്ലേ ഓഫ് ഘട്ടത്തിൽ ഉൾപ്പെട്ട പല ഓസ്ട്രേലിയൻ താരങ്ങളും കളിച്ചിരുന്നു. ഫൈനൽ ഞായറാഴ്ച മാത്രം അവസാനിച്ചതിനാൽ നിരവധി ഓസ്ട്രേലിയൻ താരങ്ങൾ ഇന്നലെ മാത്രമാണ് വീടുകളിലേക്ക് മടങ്ങി എത്തിയിരിക്കുന്നത്.
“ഞങ്ങൾക്ക് കളിക്കാൻ ആളില്ല. പക്ഷേ ഇതൊരു പരിശീലന ഗെയിമാണ്. പറ്റുന്ന താരങ്ങൾ മാത്രം കളത്തിൽ ഇറങ്ങും. അല്ലാതെയുള്ള മാര്ഗങ്ങള് ഞങ്ങൾ കണ്ടെത്തും. ബാക്കി താരങ്ങൾ ഇന്ത്യൻ പ്രീമിയർ ലീഗ് കളിച്ചിട്ടാണ് വരുന്നത്. അതിനാൽ തന്നെ അവർക്ക് ആവശ്യത്തിന് പരിശീലനം ലഭിച്ചിട്ടുണ്ട്.” മാർഷ് ക്രിക്കറ്റ്.കോം.ഔയോട് പറഞ്ഞു.
അദ്ദേഹം തുടർന്ന് പറഞ്ഞത് ഇങ്ങനെ “അവരുടെ കുടുംബങ്ങളെ കാണാനും സംസാരിക്കാനും ഈ ടൂർണമെൻ്റിനായി ദൈർഘ്യമേറിയ ഗെയിം കളിക്കാനും ഞങ്ങൾ അവർക്ക് രണ്ട് ദിവസം അവധി നൽകി. ഞങ്ങൾക്ക് ഞങ്ങളുടെ ഫുൾ സ്ക്വാഡുമായി കളത്തിൽ ഇറങ്ങാൻ സമയം എടുക്കും.” ഇതാണ് ഓസ്ട്രേലിയൻ നായകൻ പറഞ്ഞത്.
ഐസിസി നിയമപ്രകാരം പരിശീലന മത്സരങ്ങൾ കളിക്കുന്നവർ ഓസ്ട്രേലിയൻ ദേശീയ ടീമിൽ അംഗങ്ങളായിരിക്കണം എന്ന നിയമം ഉണ്ട്. അതിനാൽ ജെയ്ക്ക് ഫ്രേസർ മക്ഗർഗിനുൾപ്പടെ കളത്തിലിറങ്ങാൻ കഴിയില്ല. ഇതോടെ സപ്പോർട്ടിംഗ് സ്റ്റാഫ് അംഗങ്ങളായ ആൻഡ്രു മക്ഡൊണാൾഡ്, ബ്രാഡ് ഹോഡ്ജ്, ജോർജ് ബെയ്ലി, എന്നിവർ ആയിരിക്കും ടീമിനായി ഇറങ്ങുക.