പാകിസ്ഥാൻ ക്രിക്കറ്റ് ഒരു മോശം ഘട്ടത്തിലൂടെ കടന്നുപോകുന്ന സമയമാണ് ഇപ്പോൾ. ടീം തുടർച്ചയായി മോശം പ്രകടനങ്ങൾ കാഴ്ചവെക്കുന്നു. അടുത്തിടെ ബംഗ്ലാദേശിനോട് അവരുടെ മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ട ടീം ഇപ്പോൾ ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്.
എത്രയും വേഗം ടീമുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്തില്ലെങ്കിൽ പാകിസ്ഥാൻ ടീം ഏറ്റവും ദുർബല ടീമിൽ ഒന്നായി താമസിക്കാതെ മാറുമെന്ന് ഉറപ്പാണ്. ടീം അംഗങ്ങൾ തമ്മിലുള്ള ചേർച്ചക്കുറവ് ഉൾപ്പെടെ പല കാരണങ്ങൾ നോക്കിയാൽ പാകിസ്ഥാൻ ടീമിന് നിലവിലെ സാഹചര്യത്തിൽ നിന്ന് ഒരു തിരിച്ചുവരവ് അസാധ്യം ആണ്.
ഇന്ത്യയുടെ വെറ്ററൻ ഓൾറൗണ്ടർ രവിചന്ദ്രൻ അടുത്തിടെ പാകിസ്ഥാൻ ക്രിക്കറ്റിൻ്റെ മോശം അവസ്ഥയെക്കുറിച്ച് സംസാരിച്ചു.
“പാകിസ്ഥാൻ ക്രിക്കറ്റിൻ്റെ നിലവിലെ അവസ്ഥയും അവർ കടന്നുപോകുന്ന ഘട്ടവും എന്നിൽ അൽപ്പം ഖേദമുണ്ടാക്കുന്നുവെന്ന് പറയുമ്പോൾ ഞാൻ സത്യമാണ് സംസാരിക്കുന്നത്. കാരണം, അസാധാരണമായ ചില ക്രിക്കറ്റ് താരങ്ങൾ പാകിസ്ഥാന് വേണ്ടി കളിച്ചിട്ടുണ്ട്, അത് വളരെ മികച്ച ടീമായിരുന്നു, ”രവിചന്ദ്രൻ അശ്വിൻ ഒരു വീഡിയോയിൽ പറഞ്ഞു.
കൂടാതെ, പാകിസ്ഥാൻ ക്രിക്കറ്റിലെ നിരന്തരമായ ക്യാപ്റ്റൻസി മാറ്റങ്ങളെക്കുറിച്ചും അശ്വിൻ അഭിപ്രായപ്പെട്ടു. അദ്ദേഹം സാഹചര്യത്തെ ഒരു സംഗീത കസേരകളിയുമായി താരതമ്യപ്പെടുത്തി.
“അവരുടെ രീതികൾ കാണുമ്പോൾ മ്യൂസിക്കൽ ചെയർ പോലെ തോന്നുന്നു. സംഗീതം മുഴങ്ങിക്കൊണ്ടേയിരിക്കുന്നു, അവർ ഒരു കസേരയിൽ പിടിക്കുന്നു, അങ്ങനെയാണ് തോന്നുന്നത്. 2023ലെ ഏകദിന ലോകകപ്പിൽ അവർ തോറ്റു, പിന്നെ ബാബർ രാജിവച്ചു, അഫ്രീദിക്ക് ക്യാപ്റ്റൻസി നൽകി, വീണ്ടും ബാബറിനെ നായകനാക്കി. ഷാൻ മസൂദിനെ ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനാക്കി, സ്ഥിതി നോക്കൂ, പാകിസ്ഥാൻ ഒരു ടെസ്റ്റ് ജയിച്ചിട്ടില്ല. ഞാൻ ഉദ്ദേശിച്ചത്, അവർ വളരെക്കാലമായി ഒരു ടെസ്റ്റ് മത്സരത്തിൽ വിജയിച്ചിട്ടില്ല, ഒരുപക്ഷേ ഏകദേശം 1000 ദിവസങ്ങൾ, 3 വർഷം കഴിഞ്ഞു, ”അശ്വിൻ പറഞ്ഞു.
അടുത്തിടെ ബാബർ നായകസ്ഥാനം രാജിവെച്ചിരുന്നു. പുതിയ നായകനെ പാകിസ്ഥാൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.