ടൈഗര്‍ റോബിയുടെ കള്ളം പൊളിച്ച് പൊലീസ്, ഒടുവില്‍ കുറ്റസമ്മതം; അഭ്യൂഹങ്ങള്‍ക്ക് വിരാമം

ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യന്‍ ആരാധകര്‍ മര്‍ദ്ദിച്ചുവെന്ന ബംഗ്ലാദേശ് ആരാധകന്‍ ടൈഗര്‍ റോബിയുടെ ആരോപണം നിഷേധിച്ച് പൊലീസ്. തന്നെ മത്സരത്തിനിടെ ഒരു സംഘം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ മര്‍ദ്ദിച്ചുവെന്നും പുറത്തും അടിവയറ്റിലും ചവിട്ടേറ്റെന്നുമായിരുന്നു ടൈഗര്‍ റോബിയുടെ ആരോപണം.

ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടായ അധികാര കൈമാറ്റം ഉള്‍പ്പെടെയുള്ള സംഭവ വികാസങ്ങള്‍ കൂടി മുന്‍നിര്‍ത്തി ഇന്ത്യന്‍ ആരാധകര്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

എന്നാല്‍ ടൈഗര്‍ റോബിയുടെ ആരോപണങ്ങളെ നിഷേധിക്കുകയായിരുന്നു പൊലീസ്. സ്റ്റേഡിയത്തില്‍ കുഴഞ്ഞുവീണ ഇയാളെ കാണ്‍പൂര്‍ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥനും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടാം ടെസ്റ്റ് മത്സരത്തിന് ഒരു ദിവസം മുന്‍പായി ടൈഗര്‍ റോബിക്ക് നിര്‍ജലീകരണവും വയറിളക്കവും അനുഭവപ്പെട്ടതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

ആരോഗ്യ പ്രശ്‌നങ്ങള്‍ അവഗണിച്ചുകൊണ്ടാണ് ഇയാള്‍ രണ്ടാം ടെസ്റ്റ് കാണാന്‍ സ്റ്റേഡിയത്തിലെത്തിയത്. എന്നാല്‍ ലഞ്ചിനു പിന്നാലെ ടൈഗര്‍ റോബി ഗാലറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സ്റ്റേഡിയത്തില്‍വെച്ചു തന്നെ അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയ റോബിയെ ആശുപത്രിയിലേക്ക് മാറ്റിയെന്നും മര്‍ദ്ദനമേറ്റെന്ന പരാതി റോബി നിഷേധിച്ചുവെന്നും പൊലീസ് അറിയിച്ചു.

താന്‍ അസുഖം ബാധിച്ചതിനെ തുടര്‍ന്നാണ് സ്റ്റേഡിയത്തില്‍ വീണതെന്നും, ഇപ്പോള്‍ ആരോഗ്യ നിലയില്‍ മാറ്റമുണ്ടെന്നും ബംഗ്ലദേശ് ആരാധകന്‍ ടൈഗര്‍ റോബിയും പ്രതികരിച്ചിട്ടുണ്ട്.