പല്ല് കൊഴിഞ്ഞ ബംഗ്ലാ കടുവകള്‍; നൂറ് തികയ്ക്കാതെ നാണംകെട്ടു

ട്വന്റി20 ലോക കപ്പില്‍ ബംഗ്ലാദേശിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുന്നു. സൂപ്പര്‍ 12 ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബംഗ്ലാ കടുവകള്‍ തകര്‍ന്നടിഞ്ഞു. അബു ദാബിയിലെ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് വെറും 84 റണ്‍സിന് ഓള്‍ ഔട്ടായി.

കാഗിസോ റബാഡയും ആന്റിച്ച് നോര്‍ട്ടിയയും ചേര്‍ന്ന ദക്ഷിണാഫ്രിക്കന്‍ പേസ് ദ്വയത്തിന്റെ മാരക ആക്രമണത്തിന് മുന്നില്‍ ബംഗ്ലാദേശ് തകര്‍ന്നടിയുകയായിരുന്നു. രണ്ട് വിക്കറ്റ് പിഴുത സ്പിന്നര്‍ ടബ്രൈസ് ഷംസിയും ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങി. കളിയുടെ ഒരു ഘട്ടത്തില്‍പോലും നിലയുറപ്പിക്കാത്ത ബംഗ്ലാദേശ് ബാറ്റര്‍മാരില്‍ ലിറ്റണ്‍ ദാസ് (24), മെഹ്ദി ഹസന്‍ (27) എന്നിവര്‍ മാത്രമേ അല്‍പ്പമെങ്കിലും ചെറുത്തുനിന്നുള്ളു.

മുഹമ്മദ് നയീം (9), സൗമ്യ സര്‍ക്കാര്‍ (0), മുഷ്ഫിക്കുര്‍ റഹീം (0), ക്യാപ്റ്റന്‍ മുഹമ്മദുള്ള (3) എന്നീ പ്രമുഖരെല്ലാം പൊരുതാതെ ബാറ്റ് താഴ്ത്തിയതോടെ നൂറ് റണ്‍സ് പോലും തികയ്ക്കാതെ ബംഗ്ലാദേശ് പുറത്തായി. ഗ്രൂപ്പ് ഒന്നില്‍ കളിച്ച മൂന്ന് മത്സരങ്ങളും തോറ്റ ബംഗ്ലാദേശ് ലോക കപ്പില്‍ നിന്ന് പുറത്തായിക്കഴിഞ്ഞു.