മെഗാ ലേലത്തിന് മുമ്പ് രണ്ട് സൂപ്പർ താരങ്ങൾ മുംബൈ വിടുന്നു, ലക്‌ഷ്യം പ്രമുഖ ടീമുകളുടെ നായകസ്ഥാനം; ഇന്ത്യൻ പ്രീമിയർ ലീഗിലെ കൂടുതൽ ട്രാൻസ്ഫർ വാർത്തകൾ പുറത്ത്

ഐപിഎൽ 2025-ന് ഇനിയും 9 മാസം ബാക്കിയുണ്ട്, പക്ഷേ അതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇതിനകം ആരംഭിച്ച് കഴിഞ്ഞു. ഐപിഎൽ 2025 ന് മുമ്പായി മെഗാ ലേലം നടക്കാൻ തിരികെ ഇത്തവണ വലിയ മാറ്റങ്ങളാണ് ടീമുകൾ നടത്താൻ ഒരുങ്ങുന്നത്. കഴിഞ്ഞ വര്ഷങ്ങളിലൊക്കെ കഷ്ടപ്പെട്ട ടീമുകൾ ആണ് ലേലത്തെ ഉഷാറായി ലേലത്തെ സമീപിക്കാൻ കൂടുതലായി ആഗ്രഹിക്കുന്നത്.

കഴിഞ്ഞ സീസണിൽ, ഹാർദിക് പാണ്ഡ്യയെ അവരുടെ പുതിയ നായകനായി നിയമിച്ചതിനാൽ മുംബൈ ഇന്ത്യൻസ് ഒരു പ്രക്ഷുബ്ധതയ്ക്ക് സാക്ഷ്യം വഹിച്ചു. കഴിഞ്ഞ 10 വർഷമായി രോഹിത് ആയിരുന്നു നായകൻ, അതിനിടയിൽ അദ്ദേഹത്തെ മാറ്റി ഹാർദിക്കിനെ നായകനാക്കിയത് ആരാധകർക്ക് ഇഷ്‌ടപ്പെട്ടില്ല. അതോടെ ഹാർദിക്കിന് സീസൺ മുഴുവൻ ട്രോളുകൾ നേരിടേണ്ടതായി വന്നു.

ഭൂരിഭാഗം താരങ്ങളും രോഹിത്തിനെ പിന്തുണച്ച സാഹചര്യത്തിൽ ടീം രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞതായി റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. അടുത്ത സീസണിന് മുന്നോടിയായി രോഹിത് മുംബൈ വിടുമെന്നും മറ്റ് പല ഫ്രാഞ്ചൈസികൾക്കും അദ്ദേഹത്തെ ക്യാപ്റ്റനാക്കാൻ താൽപ്പര്യമുണ്ടെന്നും വ്യക്തമാക്കുന്ന പുതിയ റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഡൽഹി, പഞ്ചാബ് തുടങ്ങിയ ടീമുകളാണ് രോഹിത്തിന് പിന്നാലെ ഉള്ളത്. അതുപോലെ, രോഹിത്തിൻ്റെ മറ്റൊരു സഹതാരം സൂര്യകുമാർ യാദവും മറ്റ് ഐപിഎൽ ടീമുകളിലൊന്നിൻ്റെ ക്യാപ്റ്റനാകാൻ എംഐ വിടുമെന്ന് പറയപ്പെടുന്നു.

അതേസമയം ഐപിഎലിൽ വരാനിരിക്കുന്ന മെഗാ ലേലത്തിന് മുമ്പ് കെഎൽ രാഹുൽ ലഖ്നൗ സൂപ്പർ ജയന്റ്സുമായി വേർപിരിയാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. ഐപിഎൽ 2024 ൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് ടീം തോറ്റതിന് ശേഷം കളിക്കാരനെ വിമർശിച്ച എൽഎസ്ജി ഉടമ സഞ്ജീവ് ഗോയങ്കയിൽനിന്ന് രാഹുൽ വിമർശനം നേരിട്ടതിന് ശേഷമാണ് ഈ നീക്കം.

ഐപിഎൽ 2022 മെഗാ ലേലത്തിന് മുന്നോടിയായി 17 കോടി രൂപയ്ക്ക് രാഹുൽ എൽഎസ്ജിയിൽ ചേർന്നു. 2013ലും 2016ലും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി കളിച്ചിട്ടുള്ള രാഹുൽ തന്റെ സംസ്ഥാന ടീമിനായി വീണ്ടും കളിക്കാനുള്ള ആഗ്രഹം പലതവണ പ്രകടിപ്പിച്ചിട്ടുണ്ട്.

ഐപിഎൽ 2024ൽ ഫാഫ് ഡു പ്ലെസിസിന്റെ നേതൃത്വത്തിലുള്ള ആർസിബി പ്ലേ ഓഫിലേക്ക് യോഗ്യത നേടി. എന്നിരുന്നാലും, ആർസിബി ഇപ്പോൾ ഒരു ഇന്ത്യൻ ക്യാപ്റ്റനെ തേടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അവർക്ക് രാഹുലിന്റെ സേവനം ഉറപ്പാക്കാൻ കഴിയുമെങ്കിൽ, ഐപിഎൽ 2025 ൽ സ്റ്റാർ ക്രിക്കറ്റ് താരം ആർസിബി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തേക്കും.

സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസ് വിട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഡൽഹി ആസ്ഥാനമായുള്ള ഫ്രാഞ്ചൈസി പന്തിന്റെ നേതൃത്വത്തിൽ തൃപ്തരല്ലെന്നും പകരം താരം അഞ്ച് തവണ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സിനൊപ്പം ചേരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.