തോറ്റ് നില്‍ക്കുന്ന സാഹചര്യത്തില്‍ മുങ്ങുന്ന നായകനെ നമുക്ക് വേണ്ട, തിരിച്ചുവരുമ്പോള്‍ ക്യാപ്‌നാക്കരുത്: രോഹിത്തിനെതിരെ ഗവാസ്‌കര്‍

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര 3-0ന് കൈവിട്ട ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായുള്ള തയ്യാറെടുപ്പിലാണ്. മുന്‍ വര്‍ഷങ്ങളില്‍ ഓസ്‌ട്രേലിയയെ കീഴടക്കി ട്രോഫി നേടാന്‍ ഇന്ത്യയ്ക്കായെങ്കിലും ഇത്തവണ അത് തുടരുക ടീമിന് ബുദ്ധിമുട്ടാകും. നിലവിലെ മോശം പ്രകടനം തന്നെ അതിന് കാരണം.

ഓസ്ട്രേലിയയില്‍ ആദ്യ ടെസ്റ്റ് കളിക്കാന്‍ നായകന്‍ രോഹിത് ശര്‍മയുണ്ടാവില്ല. പകരം ജസ്പ്രീത് ബുംറയാവും ഇന്ത്യയെ നയിക്കുക. ഇപ്പോഴിതാ രോഹിത് മടങ്ങിയെത്തിയാലും നായകനാവേണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ താരം സുനില്‍ ഗവാസ്‌ക്കര്‍.

നായകന്‍ ആദ്യ ടെസ്റ്റ് മുതല്‍ കളിക്കണം. അവന് പരിക്കാണെങ്കില്‍ അത് മറ്റൊരു കാര്യമാണ്. ആദ്യ മത്സരത്തില്‍ നായകനില്ലെങ്കില്‍ വൈസ് ക്യാപ്റ്റന് മുകളില്‍ വലിയ സമ്മര്‍ദ്ദമുണ്ടാവും.

നായകനെന്ന ഉത്തരവാദിത്തം ചെറിയ കാര്യമല്ല. ആദ്യ ടെസ്റ്റ് രോഹിത് കളിക്കില്ലെന്നുറപ്പാണ്. രണ്ടാം ടെസ്റ്റും രോഹിത് കളിക്കുന്ന കാര്യം സംശയമാണ്. ഈ സാഹചര്യത്തില്‍ സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് രോഹിത്തിനോട് സംസാരിക്കേണ്ടത്.

ഇത്രയും നിര്‍ണ്ണായക പരമ്പരയില്‍ ഒന്ന് രണ്ട് മത്സരങ്ങളില്‍ വിശ്രമം ആവശ്യപ്പെട്ടാല്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ താരമായിത്തന്നെ കളിച്ചാല്‍ മതി. ഇന്ത്യ 3-0ന് തോറ്റ് നില്‍ക്കുന്ന സാഹചര്യത്തില്‍ നായകന്‍ മുങ്ങുന്നത് ശരിയായ രീതിയല്ല- ഗവാസ്‌ക്കര്‍ പറഞ്ഞു.