എന്തൊരു മണ്ടൻ ആടോ താൻ, ഗുജറാത്ത് തോൽവിക്ക് കാരണക്കാരനെ കണ്ടെത്തി മുഹമ്മദ് കൈഫ്; ആ താരം ഉറങ്ങില്ല എന്നും വിമർശനം

ഐപിഎല്ലിൽ ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ നാല് റൺസിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ് അതിനിർണായക ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഉയർത്തിയ 225 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിനായി സായ് സുദർശനും ഡേവിഡ് മില്ലറും വെടിക്കെട്ട് അർധസെഞ്ചുറികളുമായി പൊരുതിയെങ്കിലും നാല് റൺസകലെ ഗുജറാത്ത് വീണു. ഗുജറാത്ത് ടോപ് ഓർഡറിന്റെ ഉത്തരവാദിത്വം ഇല്ലാത്ത ബാറ്റിംഗ് ശൈലിയും ഗില്ലിന്റെ മോശം ക്യാപ്റ്റൻസിയും തന്നെയാണ് ഗുജറാത്തിന്റെ തോൽവിക്ക് കാരണമായത്.

ഡൽഹി ക്യാപിറ്റൽസിൻ്റെ ബാറ്റിംഗ് സമയത്ത് ഇന്നിംഗ്‌സിൻ്റെ അവസാന രണ്ട് ഓവറുകളിൽ ശുഭ്മാൻ ഗിൽ പിഴവ് വരുത്തി. 19, 20 ഓവറുകൾ 53 റൺസിന് പോയി, അത് ആയിരുന്നു അവസാനം വ്യത്യാസം ആയത്. മുഹമ്മദ് കൈഫും നവജ്യോത് സിംഗ് സിദ്ദുവും ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ അഭിപ്രായം പറഞ്ഞു. ഗുജറാത്ത് ടൈറ്റൻസിൻ്റെ ഇന്നലത്തെ ഏറ്റവും മികച്ച ബൗളറായ സന്ദീപ് വാര്യർക്ക് തൻ്റെ നാലാമത്തെ ഓവർ ഗിൽ നൽകിയില്ല, അതേസമയം കളിയുടെ 19-ാം ഓവറിൽ കഴിഞ്ഞ കളിയിലെ പ്ലെയർ ഓഫ് ദി മാച്ചായ സായ് കിഷോറിനെ കൊണ്ടുവന്നു.

കിഷോർ 21 റൺസ് വഴങ്ങി. ട്രിസ്റ്റൻ സ്റ്റബ്‌സ് 2 സിക്‌സറും ബൗണ്ടറിയും നേടി. അവസാന ഓവറിൽ വാര്യരെ കൊണ്ടുവരുന്നതിനുപകരം ജിടി ക്യാപ്റ്റൻ മോഹിത് ശർമയ്ക്ക് പന്ത് കൈമാറി. 4 സിക്‌സും 1 ഫോറും സഹിതം 31 റൺസെടുത്ത ഋഷഭ് പന്ത് മോഹിത്തിനെ കൊന്ന് കൊലവിളിച്ചു എന്ന് പറയാം. 88 റൺസുമായി ഋഷഭ് പുറത്താകാതെ നിന്നപ്പോൾ ഡൽഹി 4 റൺസിന് ജയിച്ചു.

“ഗിൽ ഇന്ന് ഉറങ്ങില്ല. മൂന്ന് ടോപ് ഓർഡർ ബാറ്റർമാരുടെ വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യർക്ക് വെറും മൂന്ന് ഓവർ മാത്രമാണ് നൽകിയത്. 15 റൺസ് മാത്രമാണ് അവൻ വഴങ്ങിയത്. അവസാന രണ്ടോവറിൽ ഗുജറാത്ത് കളി തോറ്റു. ഗിൽ ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു അത്, ”നവജ്യോത് സിംഗ് സിദ്ധു സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

മുഹമ്മദ് കൈഫും ശുഭ്മാനെതിരെ ആഞ്ഞടിച്ചു. “ഇതൊരു ലളിതമായ കണക്കുകൂട്ടലായിരുന്നു, പക്ഷേ ഗിൽ ഒരു വലിയ തെറ്റ് ചെയ്തു. മൂന്ന് വിക്കറ്റ് വീഴ്ത്തിയിട്ടും വാര്യർക്ക് നാലാം ഓവർ നൽകിയില്ല. കഴിഞ്ഞ മത്സരത്തിൽ ഗുജറാത്തിൻ്റെ ഏറ്റവും മികച്ച ബൗളറായിരുന്നു സായ് കിഷോർ എന്നാൽ 19-ാം ഓവറിൽ അദ്ദേഹത്തെ വിളിച്ചത് തെറ്റായി പോയി. ഈ രണ്ട് ഓവറുകൾ 53 റൺസിന് പോയി, ”മുഹമ്മദ് കൈഫ് പറഞ്ഞു.

ഗില്ലിന്റെ ക്യാപ്റ്റന്സിക്ക് ഈ സീസണിൽ ഇതിനോടകം വലിയ വിമർശനമാണ് കേൾക്കുന്നത്.