ടി20 ലോകകപ്പ് 2024: വ്യാജ പരിക്ക്, ഗുല്‍ബാദിന്‍ നായിബിനെ കാത്തിരിക്കുന്നത്, അഫ്ഗാന് ടെന്‍ഷന്‍

2024ലെ ഐസിസി ടി20 ലോകകപ്പിന്റെ സെമിഫൈനലിലേക്ക് യോഗ്യത നേടി അഫ്ഗാനിസ്ഥാന്‍ ചരിത്രം സൃഷ്ടിച്ചപ്പോഴും ഗുല്‍ബാദിന്‍ നായിബ് നിരീക്ഷണത്തിലാണ്. ജൂണ്‍ 25-ന് ചൊവ്വാഴ്ച സെന്റ് വിസെന്റിലെ അര്‍ണോസ് വെയ്ല്‍ ഗ്രൗണ്ടില്‍ നടന്ന ബംഗ്ലാദേശിനെതിരായ മത്സരത്തി താരം പരിക്ക് അഭിനയിച്ചതാണ് വിനയായിരിക്കുന്നത്. സമയം പാഴാക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു താരത്തിന്റെ പരിക്ക് അഭിനയം.

ബംഗ്ലാദേശ് ബാറ്റിംഗിനിടെ 12-ാം ഓവറിനിടെ മഴ പെയ്യുന്ന ലക്ഷണങ്ങള്‍ കാണിച്ചപ്പോള്‍ അഫ്ഗാനിസ്ഥാന്‍ കോച്ച് ജോനാഥന്‍ ട്രോട്ട് തന്റെ കളിക്കാരോട് സൈഡ് ലൈനില്‍ നിന്ന് ‘ മത്സരം മന്ദഗതിയിലാക്കാന്‍’ സൂചിപ്പിച്ചു, കാരണം ബംഗ്ലാദേശ് ഡിഎല്‍എസ് രീതിയില്‍ തുല്യ സ്‌കോറിനേക്കാള്‍ 2 റണ്‍സ് പിന്നിലായിരുന്നു. അതിനാല്‍ തന്നെ ആ നിമിഷം മത്സരം ഉപേക്ഷിച്ചാല്‍ അഫ്ഗാന് ജയിക്കാന്‍ അവസരം ഉണ്ടായിരുന്നു.

കോച്ച് പറഞ്ഞത് അതേപടി അനുസരിച്ച് സ്ലിപ്പില്‍നിന്ന ഗുല്‍ബാദിന്‍ നായിബ് തന്റെ കൈകാലുകള്‍ പിടിച്ച് താഴേക്ക് വീഴുക ആയിരുന്നു. സന്ധിവേദന എന്ന രീതിയില്‍ താരം വീണപ്പോള്‍ അഫ്ഗാന്‍ താരങ്ങള്‍ എല്ലാം ആ നിമിഷം താരത്തിന് ചുറ്റും കൂടി. അടുത്ത നിമിഷം തന്നെ വീണ്ടും മഴ എത്തുക ആയിരുന്നു. മത്സരം നിര്‍ത്തിവെച്ചപ്പോള്‍ താരത്തിനെ ചുമന്നുകൊണ്ട് അഫ്ഗാന്‍ താരങ്ങള്‍ പുറത്തേക്ക് നടക്കുകയും ചെയ്തു. തനിക്ക് വേദന ഉണ്ടെന്ന് പറഞ്ഞ കാല്‍ അല്ല മറിച്ച് മറ്റൊരു കാല് ചട്ടികൊണ്ടാണ് താരം പുറത്തേക്ക് നടന്നത് എന്നത് ആളുകളുടെ സംശയങ്ങള്‍ക്ക് കാരണമായി.

ഐസിസി പെരുമാറ്റച്ചട്ടം അനുസരിച്ച്, സമയം പാഴാക്കുന്നത് ലെവല്‍ ഒന്ന് അല്ലെങ്കില്‍ ലെവല്‍ രണ്ട് കുറ്റമാണ്. സംഭവം അമ്പയര്‍ മാച്ച് റഫറിയെ അറിയിച്ചാല്‍, ഗുല്‍ബാദിന് മാച്ച് ഫീസിന്റെ 100 ശതമാനം പിഴയോ രണ്ട് സസ്പെന്‍ഷന്‍ പോയിന്റോ ലഭിക്കാം.

Read more