സഞ്ജുവിന്റെ കാര്യം ചോദിച്ചപ്പോൾ ഞാൻ ഈ നാട്ടുകാരനേ അല്ല എന്ന മട്ടിൽ ഗംഭീർ; എന്ത് കൊണ്ട് ഒഴിവാക്കി എന്നതിന് ഉത്തരവുമായി അഗാർക്കർ

ശ്രീലങ്കയുമായുള്ള പര്യടനത്തിൽ മലയാളി താരം സഞ്ജു സാംസണെ എന്ത് കൊണ്ട് ഏകദിന ടീമിൽ എടുത്തില്ല എന്ന ചോദ്യത്തിൽ മൗനം വെടിഞ്ഞ പരിശീലകൻ ഗൗതം ഗംഭീർ. ലങ്കൻ പര്യടനത്തിനുള്ള ടി-20 ഫോർമാറ്റിൽ മാത്രമാണ് സഞ്ജുവിനെ തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ സൗത്ത് ആഫ്രിക്കൻ സീരീസിൽ സെഞ്ച്വറി നേടിയിട്ടും അദ്ദേഹത്തിനെ ഏകദിന ടീമിൽ ഉൾപെടുത്താത്തത് എന്ത് കൊണ്ടാണെന്നാണ് ആരാധകർ ചോദിക്കുന്നത്. ലങ്കന്‍ പര്യടനത്തിനുള്ള ടി20, ഏകദിന ടീമുകളുടെ പ്രഖ്യാപനത്തിനു ശേഷം ഇന്നു രാവിലെ ഗംഭീറും അഗാര്‍ക്കറും വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. മുഖ്യ കോച്ചായി സ്ഥാനമേറ്റെടുത്ത ശേഷമുള്ള ഗംഭീറിന്റെ ആദ്യത്തെ വാര്‍ത്താസമ്മേളനവും കൂടിയായിരുന്നു ഇത്. ഇതിൽ വെച്ചായിരുന്നു താരത്തിന് നേരെ ചോദ്യം ഉണ്ടായത്.

സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, റുതുരാജ് ഗെയ്ക്വാദ് എന്നിവരെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ടാണ് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യമുയര്‍ന്നത്. നിലവിൽ സഞ്ജു സാംസൺ മാത്രമാണ് ഇവരിൽ ടി-20 ഫോർമാറ്റിലെങ്കിലും ഇടം നേടിയ താരം. സിംബാവെയ്ക്ക് എതിരെ നടന്ന ടി-20 മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച അഭിഷേക് ശര്‍മ, റുതുരാജ് ഗെയ്ക്വാദ് എന്നിവരെ എന്ത് കൊണ്ടാണ് ടീമിൽ ഉൾപെടുത്താത്തത് എന്ന് ചോദിച്ചപ്പോൾ ഗംഭീർ മറുപടി നൽകിയില്ല. അദ്ദേഹത്തിന് പകരം അഗാർക്കർ ആണ് മറുപടി നൽകിയത്.

ഇന്ത്യൻ സെലക്ടർ അജിത് അഗാർക്കർ പറഞ്ഞത് ഇങ്ങനെ:

“15 പേരെ തിരഞ്ഞെടുക്കുക ആയിരുന്നു ഞങ്ങളുടെ മുൻപിൽ ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അത് കൊണ്ട് പല കളിക്കാർക്കും സ്ഥാനം നഷ്ടമായേക്കാം. അവർക്ക് പകരം മികച്ച കളിക്കാരെ തന്നെ ആണ് ടീമിൽ ഉൾപെടുത്തിയിരിക്കുന്നത്. പക്ഷെ അവര്‍ക്കു പകരം ആരൊക്കെയാണ് ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നു നിങ്ങള്‍ കാണേണ്ടതുണ്ട്. അവരില്‍ സ്ഥാനം അര്‍ഹിക്കാത്തവരുണ്ടെന്നതാണ് കാര്യമെങ്കില്‍ അതു ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സിംബാബ്‌വെ പര്യടനത്തില്‍ കളിക്കാന്‍ ഇവരില്‍ ചിലര്‍ക്കു അവസരം നല്‍കാന്‍ ഞങ്ങള്‍ക്കു സാധിച്ചിരുന്നു. അതു നല്ല കാര്യമാണ്. ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ക്കു മതിയായ ആഴവുമുണ്ട്. ഇപ്പോള്‍ ടീമിലുള്ളവര്‍ക്കു നാളെ പരിക്കേല്‍ക്കുകയോ, ഫോമൗട്ട് ആവുകയോ ചെയ്താല്‍ അതു ടീമിനെ സഹായിക്കുകയും ചെയ്യും” അഗാർക്കർ പറഞ്ഞു.

ഇന്ത്യ അവസാനമായി കളിച്ച ഏകദിന സീരീസിൽ സഞ്ജു സാംസണിന്റെ മികവിൽ ആയിരുന്നു സീരീസ് സ്വന്തമായിക്കിയത്. അതിൽ താരം സെഞ്ചുറിയും അടിച്ചിരുന്നു. ആ സമയത് അദ്ദേഹത്തിന്റെ ഇന്നിംഗ്‌സിനെ പറ്റി പുകഴ്ത്തി പറഞ്ഞ ആൾ ആണ് ഗൗതം ഗംഭീർ. അദ്ദേഹത്തിനെ ടീമിൽ ഉൾപെടുത്താൻ ഏറ്റവും കൂടുതൽ ആവശ്യപ്പെട്ട താരവും ഗംഭീർ ആയിരുന്നു. ഇപ്പോഴിതാ താരം പരിശീലകനായപ്പോൾ സഞ്ജുവിനെ ആദ്യം പുറത്താക്കിയതും ഗംഭീർ തന്നെ.