സഞ്ജുവിനെക്കാളും സന്തോഷിക്കുന്ന ക്യാപ്റ്റന്‍ സൂര്യയെ കണ്ടപ്പോള്‍ രോഹിത് ശര്‍മയുടെ ഷോട്ടുകള്‍ കണ്ട് ആനന്ദിക്കുന്ന മറ്റൊരു താരത്തെയാണ് ഓര്‍മ വന്നത്

എപ്പോഴാണ് ഒരു മനുഷ്യന്‍ കൂടുതല്‍ കരുത്തനാകുന്നത് , അല്ലെങ്കില്‍ ആവേണ്ടത് എന്ന ചോദ്യത്തിന് ഉത്തരമായിരുന്നു ഇന്നലെ സഞ്ജു കാണിച്ച് തന്നത്. ആദ്യത്തെ രണ്ടു കളികളിലും നല്ല തുടക്കം കിട്ടിയിട്ടും അത് മുതലാക്കാന്‍ പറ്റാതെ പോയപ്പോള്‍ വീണ്ടും സഞ്ജുവിന് വേണ്ടി മുറവിളി കൂട്ടുന്ന ആരാധകരില്‍ കുറെയേറെ പേരെങ്കിലും മനസ്സില്‍ പറഞ്ഞു.അടുത്ത കളി ഒരു 50 എങ്കിലും അടിച്ചില്ലെങ്കില്‍ ഇനി ടീമിന്റെ പടിവാതിലില്‍ പോലും ഉണ്ടാവില്ല.

ആദ്യത്തെ രണ്ടു കളികളും ജയിച്ചു നില്‍ക്കുന്ന അവസ്ഥയില്‍ വേണമെങ്കില്‍ മാറ്റി നിര്‍ത്താമായിരുന്നു.
അല്ല അതാണല്ലോ പതിവ്! ഒരു പ്രതീക്ഷയും ഉണ്ടായില്ല ടീമില്‍ കാണുമെന്ന്. പക്ഷെ ഗൗതം ഗംഭീര്‍ എന്ന പരിശീലകന്‍ സഞ്ജുവില്‍ വിശ്വാസം അര്‍പ്പിച്ചു .

ടോസ് നേടിയ സൂര്യ ബാറ്റിംഗ് തെരഞ്ഞെടുക്കുന്നു. സഞ്ജുവും അഭിഷേക് ശര്‍മ്മയും ക്രീസില്‍.പണ്ട് സച്ചിന്‍ ബാറ്റ് ചെയ്യുമ്പോള്‍ ഉണ്ടായിരുന്ന അതേ നെഞ്ചിടിപ്പ്. ടസ്‌കിന്‍ അഹമ്മദ് എന്ന അവരുടെ തീയുണ്ട എറിഞ്ഞ പന്ത്, സഞ്ജു ലെഗ് സൈഡിലേക്ക് മാറി കവറിലൂടെ ഒരു ബൗണ്ടറി. അതും സ്റ്റമ്പിലേക്ക് വന്ന ഒരു 140km പന്ത്.നെഞ്ചിടിപ്പ് കൂടിയ നിമിഷങ്ങള്‍. അടുത്ത 3 പന്തുകളും ബൗണ്ടറി.മൊത്തം അടുപ്പിച്ച് 4 ബൗണ്ടറികള്‍. അതേ.. സഞ്ജു നയം വ്യക്തമാക്കിയിരിക്കുന്നു.

അതിനിടെ അഭിഷേക് ശര്‍മ്മ ഔട്ട് ആവുന്നു. കൂട്ടിന് സാക്ഷാല്‍ 360 ഡിഗ്രി,ലോക ഒന്നാം നമ്പര്‍ താരം.കൂടാതെ ക്യാപ്റ്റനും. സഞ്ജുവിന്റെ ഓരോ ഷോട്ടിനും സഞ്ജുവിനെക്കാളും സന്തോഷിക്കുന്ന ക്യാപ്റ്റന്‍ സൂര്യയെ കണ്ടപ്പോള്‍ രോഹിത് ശര്‍മയുടെ ഷോട്ടുകള്‍ കണ്ട് ആനന്ദിക്കുന്ന വിരാട് കോലിയെയാണ് ഓര്‍മ്മ വന്നത്. ഇരുവശത്തു നിന്നും റണ്ണുകള്‍ ഒഴുകുന്നത് കണ്ട് ഷാന്റോ അവരുടെ വജ്രായുധമായ മുസാഫിസുള്‍ റഹ്‌മാനെ പന്തേല്‍പ്പിക്കുന്നു. കഴിഞ്ഞ കളിയില്‍ സ്ലോ ബോള്‍ എറിഞ്ഞ് സൂര്യയെ പുറത്താക്കിയ ഓര്‍മ്മ വച്ചിട്ടാണ് ബംഗ്ലാദേശ് ക്യാപ്റ്റന്‍ അദ്ദേഹത്തെ പന്തേല്‍പ്പിച്ചത്.

സഞ്ജുവിനെ കുരുക്കാന്‍ വേണ്ടി സ്ലോ ഗോള്‍ എറിഞ്ഞ് അവരുടെ വജ്രായുധത്തെ ബാക്ക് ഫൂട്ടിലേക്ക് ഇറങ്ങി നിന്ന് എക്‌സ്ട്രാ കവറിനു മുകളിലൂടെ പഞ്ച് ചെയ്ത് അടിച്ച സിക്‌സര്‍ കണ്ട രവിശാസ്ത്രി ഇങ്ങനെ പറഞ്ഞു. ‘ഇല്ല ഒരു മനുഷ്യനെക്കൊണ്ട് ഇങ്ങനെ ചെയ്യാന്‍ സാധിക്കില്ല.’ സഞ്ജുവിനെതിരെ മുന്‍പും ഇപ്പോഴും പ്രത്യക്ഷമായും പരോക്ഷമായും ഒളിയമ്പുകള്‍ എറിഞ്ഞു കൊണ്ടിരുന്ന സുനില്‍ ഗവാസ്‌കര്‍ നിശബ്ദനായിരുന്നു. സഞ്ജു കത്തിക്കയറുന്നത് കണ്ട് ഗവാസ്‌കറി ന് വായ അടച്ചു പിടിക്കാന്‍ പിന്നീട് സാധിച്ചില്ല. ഒടുവില്‍ ആ ഓവര്‍ എത്തി. പേസ് ബൗളിന് അടിച്ചു പരത്തി മുന്നോട്ടു പോയിക്കൊണ്ടിരുന്ന രണ്ട് സംഹാര രൂപങ്ങളെ തടഞ്ഞു നിര്‍ത്താന്‍ ബംഗ്ലാ ക്യാപ്റ്റന്‍ സ്പിന്നറെ പന്തേല്‍പ്പിച്ചു. ആക്രമണോത്സുകരായി നില്‍ക്കുന്ന ഇരുവരില്‍ ഒരാളെങ്കിലും ഒരു സ്ലോ ബോള്‍ ലെഗ് പിന്നില്‍ കുലുങ്ങി വീഴും എന്ന് ഷാന്റോ വിചാരിച്ചിട്ടുണ്ടാവും.

ലോക ഒന്നാം നമ്പര്‍ താരത്തെ അപ്പുറത്ത് കാഴ്ചക്കാരനാക്കി നിര്‍ത്തി ആ ഓവറില്‍ സഞ്ജു നേടിയത് 5 സിക്‌സറുകള്‍. എന്തുകൊണ്ട് സഞ്ജുവിന് കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ ഇത്ര കണക്കിന് ആരാധകര്‍ എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഇന്നലെ ആ ഒരു ഓവറില്‍ നമ്മള്‍ എല്ലാവരും കണ്ടത്. സാധാരണ സൂര്യയുടെ കൂടെ ബാറ്റ് ചെയ്യുമ്പോള്‍ ഒരു ബാറ്ററും അദ്ദേഹത്തെക്കാള്‍ സ്‌ട്രൈക്ക് റേറ്റില്‍ റണ്‍സ് എടുക്കുന്നത് നമ്മളാരും മുന്‍പ് കണ്ടിട്ടില്ല. പക്ഷേ ഇന്നലെ പല സമയങ്ങളിലും സഞ്ജു സൂര്യകുമാര്‍ യാദവിനെക്കാള്‍ പ്രഹര ശേഷിയില്‍ ബംഗ്ലാദേശുകാരുടെ നടുവൊടിച്ചു.
വര്‍ഷങ്ങളോളം മാറ്റിനിര്‍ത്തപ്പെട്ട, വെള്ളം കൊടുക്കാന്‍ വിധിക്കപ്പെട്ട, ടീമിന് അകത്തും പുറത്തുമായി കഴിയേണ്ടി വന്ന അവസ്ഥയില്‍ നിന്ന് ഇന്ന് ഒരു മോചനം നേടണം എന്ന നിശ്ചയദാര്‍ഢ്യത്തോടെ ബാറ്റ് വീശുന്ന സഞ്ജുവിനെ കണ്ട ഏതൊരു മലയാളിക്കും സന്തോഷത്തോടെ, അഭിമാനത്തോടെ ഇന്നലെ കിടന്നുറങ്ങാന്‍ സാധിച്ചിട്ടുണ്ട് എന്ന് എനിക്ക് ഉറപ്പുണ്ട്.

ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഒഴിച്ചിടുന്ന ആ സ്ഥാനത്തേക്ക് എന്തുകൊണ്ടും താന്‍ അര്‍ഹനാണ് എന്ന് വിളിച്ചോതുന്ന തരം പ്രകടനം. ഒരു മികച്ച ബാറ്റര്‍ ആയിരുന്നിട്ടു കൂടി ടീമില്‍ ഒന്നു മുതല്‍ ഏഴ് വരെ സ്ഥാനങ്ങളില്‍ സഞ്ജു ബാറ്റ് ചെയ്തിട്ടുണ്ട്. പണ്ട് ആറാം സ്ഥാനത്ത് കളിച്ചിരുന്ന വീരേന്ദ്ര സേവാഗിനെയും രോഹിത് ശര്‍മയേയും ഓപ്പണിങ്ങിലേക്ക് മാറ്റി ചെയ്ത പരീക്ഷണം വിജയിച്ച അതേ പാതയിലൂടെയാണ് ഇന്ന് സഞ്ജുവിന്റെ വരവ്.
യശ്വന്തി ജയ്‌സ്വാളും ഗേക്ക് വാദും ഇന്ത്യന്‍ ടീമിന്റെ ദത്തുപുത്രനായ ഗില്ലും ആവശ്യം ഉന്നയിച്ചു കൊണ്ടിരിക്കുന്ന ഓപ്പണിംഗ് സ്ഥാനത്തേക്ക് ശക്തനായ ഒരു എതിരാളിയായി ഇന്ന് സഞ്ജു മാറിയിരിക്കുന്നു. സെഞ്ച്വറി അടിച്ചു കഴിഞ്ഞപ്പോള്‍ ഗാലറി മുഴുവന്‍ ഒരു വശത്തുനിന്ന് സഞ്ജു എന്നും അത് തീരുമ്പോള്‍ ഉടനെ മറുവശത്തു നിന്നും സാംസണ്‍ എന്നും വിളിച്ചുകൊണ്ടിരുന്നു. സെഞ്ച്വറി പൂര്‍ത്തിയാക്കിയ സഞ്ജുവിനെ ആശ്ലേഷിക്കുന്ന ക്യാപ്റ്റന്‍ സൂര്യയുടെ മുഖം കണ്ട ഏതൊരാള്‍ക്കും മനസ്സിലാകും എത്രത്തോളം ക്യാപ്റ്റന്‍ സഞ്ജുവില്‍ വിശ്വാസം അര്‍പ്പിച്ചിരുന്നു എന്ന്.

ഇന്ത്യന്‍ ടീമിലെ മറ്റൊരു യുവതാരത്തിനും കിട്ടാത്ത തരത്തിലുള്ള ആരാധക ശ്രദ്ധ സഞ്ജുവിന് കിട്ടിത്തുടങ്ങിയപ്പോള്‍ മുതല്‍ ആര്‍ക്കൊക്കെയോ എവിടെയൊക്കെയോ കൊള്ളുന്നുണ്ടായിരുന്നു. പല സമയത്തും കിട്ടുന്ന അവസരങ്ങളില്‍ അവരെല്ലാം സഞ്ജുവിന് എതിരായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു. ഇനി അവര്‍ക്കെല്ലാം വായടയ്ക്കാം. കാരണം ഇയാള്‍ ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാണ്. ഒറ്റയ്ക്ക് വഴിവെട്ടി വന്നവനെ തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല. ഇനിയും ഈ നീല കുപ്പായത്തില്‍ ഇതിലും മികച്ച ഒരുപാട് ഇന്നിംഗ്‌സുകളുമായി സഞ്ജു നിറഞ്ഞു നില്‍ക്കും..

എഴുത്ത്: വൈശാഖന്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Read more