നീ ആരാണ് ആ കാര്യത്തിൽ അഭിപ്രായം പറയാൻ, ഞാൻ നോക്കിക്കോളാം എന്റെ പിള്ളേരുടെ കാര്യം; ഇതിഹാസത്തിനെതിരെ ഗൗതം ഗംഭീർ

വിരാട് കോഹ്‌ലിയെ വിമർശിച്ച മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗിനെതിരെ രൂക്ഷവിമർശനവുമായി ടീം ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രണ്ട് ടെസ്റ്റ് സെഞ്ചുറികൾ മാത്രം നിന്ന താരത്തിന് ഒരു കാരണവശാലും ഇന്ത്യൻ ടീമിൽ തുടരാൻ അർഹതയില്ലെന്നുള്ള അഭിപ്രായം അടുത്തിടെ പോണ്ടിങ് പറഞ്ഞിരുന്നു

വൈറ്റ് ബോൾ ഫോർമാറ്റുകളിൽ കോഹ്‌ലി ഏറെക്കുറെ സ്ഥിരത പുലർത്തുന്നുണ്ടെങ്കിലും, കഴിഞ്ഞ കുറേ വർഷങ്ങളായി അദ്ദേഹത്തിൻ്റെ ടെസ്റ്റ് ഫോം ആശങ്കയുണ്ടാക്കുന്നതാണ്. 36-കാരൻ തൻ്റെ മുൻ അഞ്ച് ടെസ്റ്റ് സീസണുകളിൽ ഒന്നൊഴികെ 30-ൽ താഴെ ശരാശരിയിലാണ് നിൽകുന്നത്.

ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിന് മുമ്പുള്ള അവസാന വാർത്താ സമ്മേളനത്തിൽ കോഹ്‌ലിയുടെ ഫോമിനെക്കുറിച്ച് പോണ്ടിംഗിൻ്റെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഗംഭീർ ഇങ്ങനെ പറഞ്ഞു:

“ഇന്ത്യൻ ക്രിക്കറ്റുമായി പോണ്ടിംഗിന് എന്ത് ബന്ധമുണ്ട്? ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെക്കുറിച്ച് അദ്ദേഹം ചിന്തിക്കണമെന്ന് ഞാൻ കരുതുന്നു, അതിലും പ്രധാനമായി വിരാടിനെയും രോഹിതിനെയും കുറിച്ച് ഞങ്ങൾക്ക് യാതൊരു ആശങ്കയും ഇല്ല. അവർ അവിശ്വസനീയമാംവിധം മികവുള്ള താരങ്ങളാണ്”

“അവർ ഇന്ത്യൻ ക്രിക്കറ്റിനായി ഒരുപാട് നേട്ടങ്ങൾ നേടിയിട്ടുണ്ട്, ഭാവിയിലും അവർ ഒരുപാട് നേട്ടങ്ങൾ കൈവരിക്കും. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം അവർ ഇപ്പോഴും കഠിനാധ്വാനം ചെയ്യുന്നു, അവർ ഇപ്പോഴും ആവേശഭരിതരാണ്, അവർ ഇപ്പോഴും ഒരു നേട്ടം കൈവരിക്കാൻ ആഗ്രഹിക്കുന്നു എന്നതാണ്. ” അദ്ദേഹം കൂട്ടിച്ചേർത്തു.