ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധ നേടി സഞ്ജുവിന്‍റെ മറുപടി

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയത് ഏറെ പ്രശംസിക്കപ്പെട്ടിരിക്കുകയാണ്. നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിംഗ് ചാര്‍ട്ടില്‍ മുന്നില്‍ നില്‍ക്കുന്ന കേരള ബാറ്ററിന്റ ഐപിഎല്ലിലെ തകര്‍പ്പന്‍ ഫോം അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പിലെ പ്രധാന ഘടകമായി. എന്നാല്‍ വന്‍താരനിരയുള്ള ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍, സാംസണ്‍ എവിടെയാണ് അനുയോജ്യനാകുക, അഞ്ചാം സ്ഥാനം അദ്ദേഹത്തിന് അവകാശപ്പെടാന്‍ കഴിയുമോ? ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് താരം.

അത് അല്‍പം കുഴയ്ക്കുന്ന ചോദ്യമാണെന്ന് പറഞ്ഞാണ് സഞ്ജു മറുപടി പറഞ്ഞത്. തീര്‍ച്ചയായും ഞാന്‍ അതേക്കുറിച്ചൊക്കെ ആലോചിക്കാറുണ്ട്. ഞാന്‍ മാത്രമല്ല, ടീമിലെ എല്ലാവരും ഞാനെവിടെ ബാറ്റ് ചെയ്യുമെന്നൊക്കെ ആലോചിക്കുന്നവരാണ്.

പക്ഷെ ഇപ്പോള്‍ അതിനൊപ്പം തന്നെ പ്രധാനം ഐപിഎല്ലില്‍ കിരീടം നേടുക എന്നതിനാണ്. നിലവില്‍ ഐപിഎല്ലില്‍ കിരീടം നേടുക എന്നതിനാണ് മുഖ്യ പരിഗണന കൊടുക്കുന്നത്. കളിക്കാരെല്ലാം ഇപ്പോള്‍ ആ ഒറ്റ ലക്ഷ്യം മാത്രമാണ് മനസില്‍ കാണുന്നത്- സഞ്ജു പറഞ്ഞു.

രാജസ്ഥാന് വേണ്ടി മൂന്നാം നമ്പറിലാണ് സഞ്ജു ബാറ്റ് ചെയ്യുന്നത്. എന്നാ ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് മൂന്നാം നമ്പറിലിറങ്ങാന്‍ കഴിയില്ല. വിരാട് കോഹ്‌ലിയാണ് ഇന്ത്യന്‍ ടീമില്‍ മൂന്നാം നമ്പറില്‍. സൂര്യകുമാര്‍ യാദവ് നാലാം നമ്പറിലിറങ്ങുമ്പോള്‍ അഞ്ചാം നമ്പറിലാകും സഞ്ജുവിന് അവസരം ലഭിക്കുക.