ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യ പാകിസ്ഥാനിലേക്ക് പോകുമോ?, നിര്‍ണായക വിവരം പുറത്ത്

2025ല്‍ പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ പങ്കാളിത്തം വ്യക്തതയില്ലാതെ തുടരുകയാണ്. 2025 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ടൂര്‍ണമെന്റ് ഷെഡ്യൂള്‍ ചെയ്യാന്‍ സാധ്യതയുണ്ടെങ്കിലും ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് പോകുമോ എന്നതില്‍ തീരുമാനമായിട്ടില്ല.

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ടൂര്‍ണമെന്റിനോടുള്ള സര്‍ക്കാരിന്റെ നിലപാടിനെക്കുറിച്ചുള്ള വ്യക്തമായ ചിത്രത്തിനായി കാത്തിരിക്കുകയാണ്. ജൂലൈ മാസത്തോടെ കൊളംബോയില്‍ നടക്കുന്ന ഐസിസിയുടെ വാര്‍ഷിക സമ്മേളനത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് ക്രിക്ക്ബസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

നിലവിലെ നയം തുടരുകയാണെങ്കില്‍, അടുത്തിടെ നടന്ന ഏഷ്യാ കപ്പിന് സമാനമായ ഒരു ‘ഹൈബ്രിഡ് മോഡല്‍’ ചാമ്പ്യന്‍സ് ട്രോഫിയിലും നടപ്പിലാക്കിയേക്കും. ചില ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ (ഇന്ത്യയുടെ) ഒരു ന്യൂട്രല്‍ വേദിയില്‍, ഒരുപക്ഷേ യുഎഇയില്‍ സംഘടിപ്പിപ്പിച്ചേക്കും.

പാകിസ്ഥാനിലെ ഇന്ത്യയുടെ മത്സരങ്ങള്‍ക്കുള്ള ഏക വേദിയായി ലാഹോറിനെ നിശ്ചയിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ ക്രമീകരണം ഇന്ത്യന്‍ ടീമിന്റെ യാത്ര സുഗമമാക്കുകയും വാഗാ അതിര്‍ത്തി ക്രോസിംഗിലൂടെ ആരാധകര്‍ക്ക് എളുപ്പത്തില്‍ പ്രവേശനം നല്‍കുകയും ചെയ്യും. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന 50 ഓവര്‍ ടൂര്‍ണമെന്റ് 2025 ഫെബ്രുവരി 19 നും മാര്‍ച്ച് 9 നും ഇടയില്‍ നടക്കാനാണ് സാധ്യത.