ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: നിര്‍ണായക മാറ്റം പ്രഖ്യാപിച്ച് ഐ.സി.സി, ഫൈനലിസ്റ്റുകളെ അറിയിച്ചു

ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) അംഗങ്ങളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അന്താരാഷ്ട്ര മത്സരങ്ങളില്‍ സോഫ്റ്റ് സിഗ്‌നല്‍ റൂള്‍ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കാന്‍ ഐസിസി ഔദ്യോഗികമായി തീരുമാനിച്ചു. ജൂണ്‍ 7 ന് ലണ്ടനിലെ ഓവലില്‍ ആരംഭിക്കാനിരിക്കുന്ന വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2021-23 ഫൈനല്‍ മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.

ഈ നിയമം സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗീകരിക്കുകയും ഡബ്ല്യുടിസി ഫൈനലിസ്റ്റുകളായ ഇന്ത്യയെയും ഓസ്ട്രേലിയെയും അറിയിക്കുകയും ചെയ്തു. ജനുവരിയില്‍, ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒരു ടെസ്റ്റ് മത്സരത്തിനിടെ ഈ റൂള്‍ ഉപയോഗിച്ചിരുന്നു.

സംശയകരമായ തീരുമാനങ്ങള്‍ തേര്‍ഡ് അമ്പയര്‍ക്ക് വിടും മുമ്പ് ഓണ്‍ ഫീല്‍ഡ് അമ്പയര്‍ തന്റെ അഭിപ്രായം അറിയിക്കുന്നതാണ് സോഫ്റ്റ് സിഗ്‌നല്‍. ക്യാച്ച് ഔട്ടുകളിലാണ് ഇത് പ്രധാനമായും നിര്‍ണായകമാകാറുള്ളത്. പന്ത് നിലത്ത് തട്ടും മുമ്പാണോ ഫീല്‍ഡര്‍ ക്യാച്ചെടുത്തത് എന്ന് സംശയമുള്ളപ്പോള്‍ അമ്പയര്‍ തീരുമാനം തേര്‍ഡ് അമ്പയര്‍ക്ക് വിടാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ തന്നെ തന്റെ നിഗമനവും അമ്പയര്‍ തേര്‍ഡ് അമ്പയറെ അറിയിക്കാറുണ്ട്.

Read more

റീപ്ലേകളില്‍ ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം ഖണ്ഡിക്കാന്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചില്ലെങ്കില്‍ തേര്‍ഡ് അമ്പയറും ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിവെക്കാറാണ് പതിവ്. എന്നാല്‍ പുതിയ തീരുമാനപ്രകാരം സംശയാസ്പദമായ ക്യാച്ചുകളില്‍ ഇനി അന്തിമ തീരുമാനം തേര്‍ഡ് അമ്പയറുടേത് തന്നെയായിരിക്കും.