'ടി20 ലോകകപ്പില്‍ നിങ്ങള്‍ക്ക് അവനെ അവഗണിക്കാനാവില്ല': 30 കാരനായ ഓള്‍റൗണ്ടറിനെക്കുറിച്ച് അഗാര്‍ക്കറിന് ശക്തമായ സന്ദേശം അയച്ച് ഗില്‍ക്രിസ്റ്റ്

2024ലെ ഐസിസി ടി20 ലോകകപ്പിനുള്ള ടീമിനെ ബിസിസിഐ ഉടന്‍ പ്രഖ്യാപിക്കും. മിക്ക ടോപ്പ് ഓര്‍ഡര്‍ സ്ഥാനങ്ങളും ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ഓള്‍റൗണ്ടര്‍മാരുടെ കാര്യത്തില്‍ വ്യക്തതയില്ല. ഐപിഎല്‍ 2024ല്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഹാര്‍ദിക് പാണ്ഡ്യ ഫോമിലല്ല. ബാറ്റിലും പന്തിലും അദ്ദേഹം പരാജയപ്പെട്ടു. പാണ്ഡ്യ സ്ഥിരമായി ബോള്‍ ചെയ്യുന്നില്ലെങ്കിലും ബോള്‍ ചെയ്ത അവസരങ്ങളില്‍ നന്നായി റണ്‍സ് ചോര്‍ത്തിയിട്ടുമുണ്ട്.

മറുവശത്ത്, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ഓള്‍റൗണ്ടര്‍ ശിവം ദുബെ ബാറ്റിംഗില്‍ ഗംഭീര പ്രകടനമാണ് നടത്തുന്നത്. എന്നാല്‍ ഇംപാക്റ്റ് പ്ലെയര്‍ റൂള്‍ കാരണം അദ്ദേഹം പന്തെറിഞ്ഞില്ല. ദുബെയുടെ സ്ഥാനത്ത് ഒരു സ്‌പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളറെയാണ് മാനേജ്മെന്റ് തിരഞ്ഞെടുത്തത്. ഏഴ് മത്സരങ്ങളില്‍ നിന്ന് 157.05 സ്ട്രൈക്ക് റേറ്റില്‍ 245 റണ്‍സ് നേടിയ അദ്ദേഹം ചെന്നൈയുടെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ്. ആഗോള ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍ ദുബെ ഉണ്ടായിരിക്കണമെന്ന് ഓസീസ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ് പറഞ്ഞു.

ശിവം ദുബെ അവിടെ ഉണ്ടാകണം. അദ്ദേഹം പന്ത് നന്നായി അടിക്കുന്നു, സ്പിന്നര്‍മാരെയും പേസര്‍മാരെയും അനായാസം നേരിടുന്നു. സെലക്ടര്‍മാര്‍ അവനോട് നെറ്റ്‌സില്‍ പന്തെറിയാന്‍ പറയണം. ഇത് ഒരു മാച്ച് പ്രാക്ടീസ് അല്ലെന്ന് എനിക്കറിയാം, എന്നാല്‍ ഇത് വരാനിരിക്കുന്ന മത്സരങ്ങളില്‍ ബോളിംഗില്‍ അവനെ സഹായിച്ചേക്കും. പക്ഷേ, എന്തുതന്നെയായാലും ടി20 ലോകകപ്പില്‍ ദുബെയെ അവഗണിക്കാനാവില്ല- കൂട്ടിച്ചേര്‍ത്തു.

ഗില്‍ക്രിസ്റ്റിന് പുറമെ മറ്റ് പല പ്രമുഖരും കഴിഞ്ഞ ഒരു വര്‍ഷത്തെ ഫോം പരിഗണിച്ച് ദിബെനെ അനുകൂലിച്ച് സംസാരിച്ചു. താരം ടീമിലുണ്ടാകുമോ എന്നറിയാന്‍ മെയ് ഒന്നുവരെ കാത്തിരിക്കേണ്ടിവരും. മെയ് ഒന്നിന് ടി20 ലോകകപ്പിനുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിക്കുമെന്നാണ് വിവരം.

Read more