'നിങ്ങള്‍ എന്റെ ഹൃദയമിടിപ്പ് കൂട്ടി'; വൈറലായി ധോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

ശനിയാഴ്ച ബാര്‍ബഡോസില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തി 2024 ടി20 ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് ഇന്ത്യന്‍ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. നിങ്ങള്‍ എന്റെ ഹൃദയമിടിപ്പ് കൂട്ടി എന്നാണ് ധോണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

2024 ലോകകപ്പ് ചാംപ്യന്‍സ്. എന്റെ ഹൃദയമിടിപ്പ് നിങ്ങള്‍ കൂട്ടി. ശാന്തമായി നിന്നതിന്, സ്വന്തം കഴിവില്‍ വിശ്വസിച്ചതിന്, ആ വിധം കളിച്ചതിന് അഭിനന്ദനങ്ങള്‍. കിരീടം നാട്ടിലേക്ക് തിരികെ എത്തിച്ചതിന് രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ ഇന്ത്യക്കാരും നിങ്ങളോട് നന്ദി പറയുന്നു. അഭിനന്ദനങ്ങള്‍. ഈ ജന്മദിന സമ്മാനത്തിന് നന്ദി- ധോണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

View this post on Instagram

A post shared by M S Dhoni (@mahi7781)

2007ല്‍ പാകിസ്ഥാനെ ഫൈനലില്‍ തോല്‍പ്പിച്ച് ഇന്ത്യ കന്നി ടി20 ലോകകപ്പ് നേടിയപ്പോള്‍ ധോണിയായിരുന്നു ക്യാപ്റ്റന്‍. 2013 ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യ നേടിയിരുന്നു. ഇതായിരുന്നു ഇന്ത്യയുടെ ഏറ്റവും ഒടുവിലത്തെ ഐസിസി കിരീട നേട്ടം. ധോണി ക്യാപ്റ്റനായിരിക്കെ 2011 ഐസിസി ക്രിക്കറ്റ് ലോകകപ്പും ഇന്ത്യ നേടിയിരുന്നു.

ആവേശം അവസാന ബോള്‍ വരെ നീണ്ടുനിന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ രണ്ടാം ഐസിസി ടി20 ലോകകപ്പ് കിരീടം ചൂടിയത്. ഇന്ത്യ മുന്നോട്ടുവെച്ച 177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 169 ല്‍ അവസാനിച്ചു.