സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരക്ക് മുമ്പ് യുവതാരം ടീമിന് പുറത്ത്, പകരമെത്തുന്നത് വെടിക്കെട്ട് വീരൻ; അപ്ഡേറ്റഡ് സ്‌ക്വാഡിൽ ഇവർ

ജൂലൈ 6 ന് ആരംഭിക്കുന്ന സിംബാബ്‌വെയ്‌ക്കെതിരായ അഞ്ച് മത്സര ടി20 ഐ പരമ്പരയ്ക്കുള്ള ടീം ഇന്ത്യയുടെ 15 അംഗ ടീമിൽ പരിക്കേറ്റ നിതീഷ് കുമാർ റെഡ്ഡിക്ക് പകരക്കാരനായി ശിവം ദുബെ കളിക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ബുധനാഴ്ച പ്രഖ്യാപിച്ചു. ജൂലൈ 6 മുതൽ 16 വരെ ഹരാരെ സ്‌പോർട്‌സ് ക്ലബ്ബിൽ നടക്കുന്ന അഞ്ച് മത്സരങ്ങളിൽ ഇന്ത്യയെ ശുഭ്‌മാൻ ഗിൽ നയിക്കും.

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 ൽ സൺറൈസേഴ്‌സ് ഹൈദരാബാദിനായി നിതീഷ് കുമാർ റെഡ്ഡി മികച്ച പ്രകടനമാണ് നടത്തിയത്. 21 കാരനായ താരത്തിൻ്റെ പരിക്ക് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിൻ്റെ മെഡിക്കൽ ടീം നിരീക്ഷിക്കും. പരിക്കിൻ്റെ വിശദാംശങ്ങൾ ബിസിസിഐ വെളിപ്പെടുത്തിയിട്ടില്ല.

“വരാനിരിക്കുന്ന സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ പരിക്കേറ്റ നിതീഷ് റെഡ്ഡിക്ക് പകരക്കാരനായി സെലക്ഷൻ കമ്മിറ്റി ശിവം ദുബെയെ തിരഞ്ഞെടുത്തു. ബിസിസിഐ മെഡിക്കൽ ടീം നിതീഷ് റെഡ്ഡിയുടെ പുരോഗതി നിരീക്ഷിച്ചുവരികയാണ്.” ബിസിസിഐ പ്രസ്താവനയിൽ പറഞ്ഞു.

എസ്ആർഎച്ചിനായി 13 മത്സരങ്ങളിൽ നിന്ന് താരം 303 റൺസും 3 വിക്കറ്റും അദ്ദേഹം നേടി. നിതീഷ് സ്ഥിരമായി 130 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞു. 2024ലെ ഐപിഎൽ ഫൈനലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പരാജയപ്പെടുത്തിയെങ്കിലും എമർജിംഗ് പ്ലെയർ അവാർഡ് നിതീഷ് സ്വന്തമാക്കി.