വിവാഹമോചനത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലില്‍ നിന്ന് 60 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ടെന്ന വാര്‍ത്തകള്‍ തള്ളി ധനശ്രീ വര്‍മയുടെ കുടുംബം. വിഷയത്തെ ചുറ്റിപ്പറ്റിയുള്ള എല്ലാ ഊഹാപോഹങ്ങളും നിരസിച്ചുകൊണ്ട് അത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് കുടുംബം മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍, കുടുംബം റിപ്പോര്‍ട്ടുകള്‍ തള്ളുകയും തെറ്റായ അവകാശവാദങ്ങളില്‍ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. ധനശ്രീ ഒരിക്കലും അത്തരത്തിലുള്ള ഒരു ആവശ്യവും ഉന്നയിച്ചിട്ടില്ലെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു.
‘ജീവനാംശം സംബന്ധിച്ച കണക്ക് സംബന്ധിച്ച് അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ പ്രചരിക്കുന്നതില്‍ ഞങ്ങള്‍ അഗാധമായി അസ്വസ്തരാണ്. അത്തരമൊരു തുക ഇതുവരെ ആവശ്യപ്പെടുകയോ അല്ലെങ്കില്‍ വാഗ്ദാനം ചെയ്യുകയോ ചെയ്തിട്ടില്ല. ഈ കിംവദന്തികളില്‍ ഒരു സത്യവുമില്ല,’ പ്രസ്താവനയില്‍ പറയുന്നു.
വ്യാഴാഴ്ച്ച ബാന്ദ്രയിലെ കുടുംബ കോടതിയില്‍ ഹാജരായി ഇരുവരും നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് വിരാമമിട്ടു. വിവാമോചനത്തില്‍ ഒപ്പിടുന്നതിന് മുമ്പ് ഇരുവര്‍ക്കും 45 മിനിറ്റോളം കൗണ്‍സിലിംഗ് ഉണ്ടായിരുന്നു. എന്നാല്‍ അതിനുശേഷവും ഇരുവരും വേര്‍പിരിയുകയാണെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നു. പൊരുത്തക്കേടുകളുണ്ടാകുന്നുവെന്നും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്നുമാണ് വിവാഹമോചനത്തിനുള്ള കാരണമായി രണ്ടു പേരും ചൂണ്ടിക്കാണിച്ചിരിക്കുന്നത്. തുടര്‍ന്ന് വൈകുന്നേരം 4.30-ഓടെ ജഡ്ജി ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചുകൊടുത്തു.
2020 ഡിസംബറിലാണ് ചഹലും ധനശ്രീയും വിവാഹിതരായത്. 2023 ജനുവരിയില്‍ തന്റെ അവസാന ഏകദിനവും അതേ വര്‍ഷം ഓഗസ്റ്റില്‍ അവസാന ടി20യും കളിച്ച അദ്ദേഹം നിലവില്‍ ഫോര്‍മാറ്റുകളിലുടനീളം ഇന്ത്യന്‍ ടീമിന് പുറത്താണ്. എന്നിരുന്നാലും, ആഭ്യന്തര ക്രിക്കറ്റില്‍ പ്രത്യേകിച്ച് ഐപിഎല്ലില്‍ അദ്ദേഹം പ്രകടനം തുടരുന്നു. നര്‍ത്തകിയും കൊറിയോഗ്രാഫറുമാണ് ധനശ്രീ.
Read more
കഴിഞ്ഞ 18 മാസമായി ചഹലും ധനശ്രീയും വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോയും ചെയ്തിരുന്നു. ധനശ്രീയ്ക്കൊപ്പമുള്ള എല്ലാ ചിത്രങ്ങളും ചഹല്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും വേര്‍പിരിയുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്.