സെഞ്ച്വറിയുമായി വിജയ് ഗര്‍ജനം; ഇന്ത്യയ്ക്ക് ലീഡ്

ശ്രീലങ്കയ്‌ക്കെതിര രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ലീഡ്. സെഞ്ച്വറി നേടിയ മുരളി വിജയുടേയും അര്‍ധ സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാരയുടേയും മികവിലാണ് ഇന്ത്യ ലീഡ് സ്വന്തമാക്കിയത്. ഇരുവരും പുറത്താകാതെ ബാറ്റിംഗ് തുടരുകയാണ്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് എന്ന നിലയിലാണ്.

121 റണ്‍സുമായി മുരളി വിജയും 77 റണ്‍സുമായി ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍. 187 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതമാണ് മുരളി വിജയ് സെഞ്ച്വറി നേടിയത്. മുരളി വിജയുടെ കരിയറിലെ 10ാം സെഞ്ച്വറിയാണിത്. നേരത്തെ ഏഴ് റണ്‍സെടുത്ത ലോകേഷ് രാഹുല്‍ കഴിഞ്ഞ ദിവസം തന്നെ പുറത്തായിരുന്നു.

നേരത്തെ ആദ്യ ഇന്നിംഗ്സില്‍ ശ്രീലങ്ക 205 റണ്‍സിന് പുറത്തായിരുന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ലങ്കയെ ആര്‍ അശ്വിനും ജഡേജയും ഇശാന്ത് ശര്‍മ്മയും ചേര്‍ന്ന് കുറഞ്ഞ സ്‌കോറിന് പറഞ്ഞയക്കുകയായിരുന്നു.

അര്‍ധ സെഞ്ച്വറി നേടി ഓപ്പണര്‍ കരുണ രത്‌നയും നായകന്‍ ചണ്ഡീമലുമാണ് ശ്രീലങ്കന്‍ നിരയില്‍ പിടിച്ച് നിന്നത്. കരുണരത്‌ന 51ഉം ചണ്ഡീമല്‍ 57ഉം റണ്‍സെടുത്തു. മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കാനയില്ല.
സമര വിക്രമ (13), തിരിമന്ന (90), എയ്ഞ്ചലോ മാത്യൂസ് (10) ഡിക് വെല്ല (30) ഷാനക (2) എന്നിങ്ങനെയായിരുന്നു മറ്റ് ലങ്കന്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം. ഒരറ്റത്ത് പേസ് ബൗളിംഗിലൂടെ ഇശാന്തും മറുവശത്ത് അശ്വിനും ജഡേജയും ചേര്‍ന്ന് ലങ്കയ്ക്ക് ശവക്കുഴി ഒരുക്കുകയായിരുന്നു.

14 ഓവറില്‍ 37 റണ്‍സ് വഴങ്ങിയാണ് ഇശാന്ത് ശര്‍മ്മ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. അശ്വിനാകട്ടെ 28.1 ഓവറില്‍ 67 റണ്‍സ് വഴങ്ങി നാല് വിക്കറ്റും ജഡേജ 21 ഓവറില്‍ 56 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും വീഴ്ത്തി.
ആദ്യ ടെസ്റ്റ് സമനിലയായതോടെ, മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്നു ജയം തേടിയാണ് ഇരുടീമുകളും ഇറങ്ങുന്നത്. കൊല്‍ക്കത്ത ടെസ്റ്റില്‍ എട്ടു വിക്കറ്റു വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറും രണ്ടാം ഇന്നിങ്സില്‍ 94 റണ്‍സ് നേടിയ ശിഖര്‍ ധവാനും ടീമിലില്ല.

ഭുവനേശ്വറിന് പകരം ഇശാന്ത് ശര്‍മ്മയും ധവാന് പകരം മുരളി വിജയും ആണ് ടീമില്‍. മുഹമ്മദ് ഷമ്മിയും പുറത്തായി. പകരം രോഹിത്ത് ശര്‍മ്മയെ ടീമില്‍ ഉള്‍പ്പെടുത്തി. ആദ്യ ടെസറ്റില്‍ നിറംമങ്ങിയ ആര്‍ അശ്വിനേയും രവീന്ദ്ര ജഡേജയേയും ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്.