'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

ഈ വർഷം നടന്ന കോപ്പ അമേരിക്കൻ ടൂർണമെന്റിൽ കാലിന് ഗുരുതരമായ പരിക്കാണ് സംഭവിച്ചത്. അതിന് ശേഷം ഒരുപാട് നാളത്തെ വിശ്രമത്തിന് ശേഷമാണ് ലയണൽ മെസി ഇന്റർ മിയാമി മൽസരങ്ങൾക്ക് വേണ്ടി വീണ്ടും കളിക്കളത്തിലേക്ക് വന്നത്. എന്നാൽ രാജകീയമായിട്ടാണ് താരം തന്റെ വരവ് അറിയിച്ചത്.

ഇപ്പോൾ നടക്കുന്ന അമേരിക്കൻ ലീഗിൽ ഗംഭീര വിജയം സ്വന്തമാക്കാൻ ഇന്റർ മിയമിക്ക് സാധിച്ചിരുന്നു. ഫിലാഡൽഫിയ യൂണിയനെതിരെ ഉള്ള മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്റർ മിയാമി അവരെ പരാജയപ്പെടുത്തിയത്. ലയണൽ മെസിയുടെ മികവാണ് കളിക്കളത്തിൽ ഇന്റർ മിയമിക്ക് സഹായകരമായത്. തിരിച്ച് വരവിൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് മെസി നേടിയത്. കൂടാതെ ലൂയിസ് സുവാരസും ഒരു ഗോൾ നേടി മികച്ച പ്രകടനം നടത്തി.

നിലവിൽ ഗംഭീര പ്രകടനമാണ് ഇന്റർ മിയാമി നടത്തുന്നത്. എംഎൽഎസിലെ സപ്പോർട്ടേഴ്സ് ഷീൽഡിന് വേണ്ടിയുള്ള പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് അവർ നിൽക്കുന്നത്. 28 മത്സരങ്ങളിൽ നിന്ന് 62 പോയിന്റാണ് ഇന്റർമയാമിക്കുള്ളത്.

ഇത്തവണത്തെ എംഎൽഎസ് ഷീൽഡ് സ്വന്തമാക്കാൻ ഏറ്റവും കൂടുതൽ സാധ്യത ഉള്ളത് ഇന്റർ മിയമിക്കാണ്. അങ്ങനെ എങ്കിൽ ഫുട്ബോൾ കരിയറിൽ 47 കിരീടങ്ങൾ നേടുന്ന താരം എന്ന റെക്കോഡും മെസിക്ക് സ്വന്തമാക്കാം. ഇപ്പോൾ നടക്കുന്ന അമേരിക്കൻ ലീഗിൽ മെസി ഈ സീസണിൽ 14 ഗോളുകളും 10 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.