സംഹാരതാണ്ഡവത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് അർജന്റീന, കോപ്പ അമേരിക്ക സെമി ഒരുക്കങ്ങൾ ഇങ്ങനെ

2024 കോപ്പ അമേരിക്കൻ ടൂർണമെന്റിൽ സെമി ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുന്ന ടീമുകൾ ആണ് അര്ജന്റീന, കാനഡ, കൊളംബിയ, ഉറുഗ്വ. നിലവിലെ കപ്പ് ജേതാക്കളായ അര്ജന്റീനയ്ക്കായിരിക്കും ഈ തവണയും കപ്പുയർത്താൻ സാധ്യത കൂടുതൽ. എന്നാൽ ബാക്കി ടീമുകൾക്കും പ്രതീക്ഷ ഉണ്ട്. ക്വാട്ടർ ഫൈനൽ മത്സരങ്ങളിൽ അര്ജന്റീനയ്ക് മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചിരുന്നില്ല. ഇക്വഡോറുമായിട്ടുള്ള മത്സരത്തിൽ 1-1 എന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്. തുടർന്നുള്ള പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് അര്ജന്റീന 4-2 വിജയിച്ച് സെമിയിൽ പ്രവേശിച്ചത്.

എന്നാൽ സെമി ഫൈനൽ മത്സരത്തിൽ അർജന്റീനയ്ക്ക് മികച്ച വിജയം നേടാൻ പറ്റും എന്നാണ് ആരാധകരുടെയും താരങ്ങളുടെയും പ്രതീക്ഷ. പക്ഷെ ക്വാട്ടർ ഫൈനൽ മത്സരങ്ങളിൽ ടീമിൽ ഉണ്ടായ പോരായ്മകൾ എല്ലാം തന്നെ സെമി ഫൈനൽ മത്സരത്തിൽ നികത്തും എന്നാണ് കോച്ച് ലയണൽ സ്കലോണി പറഞ്ഞത്. ടീമിൽ രണ്ടോ മൂന്നോ മാറ്റങ്ങൾ ഉണ്ടായേക്കും എന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കാത്ത നിക്കോ ഗോൺസാലസിന് സ്ഥാനം നഷ്ടമായേക്കും. അതിനു പകരം ഡി മരിയയെ ഉൾപ്പെടുത്താനാണ് ലയണൽ സ്കലോണിയുടെ തീരുമാനം. കഴിഞ്ഞ മത്സരത്തിൽ സ്റ്റാർട്ടിങിൽ ഉണ്ടായിരുന്ന ലൗട്ടറോ പകരക്കാരന്റെ റോളിലായിരിക്കും ഇത്തവണ ഉണ്ടായിരിക്കുക. പകരം ഹൂലിയൻ അൽവാരസ്സ് തുടക്കത്തിൽ ഉണ്ടാകും എന്നാണ് സൂചന.

മധ്യ നിരയിലും മാറ്റങ്ങൾ വരുത്താൻ കോച്ച് ലയണൽ സ്കലോണിക്ക് പദ്ധതികൾ ഉണ്ട്. ക്വാട്ടർ ഫൈനൽ മത്സരത്തിൽ എൻസോക്കിനു മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിക്കാത്തതു കൊണ്ട് അദ്ദേഹത്തിനെ തുടക്കത്തിൽ ഇറക്കാനുള്ള സാധ്യത കുറവായിരിക്കും. അത് കൊണ്ട് പരേഡ്‌സിനെ തിരികെ കൊണ്ട് വരാനാണ് സ്കലോണിയുടെ തീരുമാനം. എന്തായാലും സെമിയിൽ കാനഡയ്‌ക്കെതിരെ ഗംഭീര വിജയമാണ് താരങ്ങൾ പ്രതീക്ഷിക്കുന്നത്. കോപ്പ അമേരിക്കൻ ടൂർണമെന്റ് തുടങ്ങിയിട്ട് ഇത്രയും മത്സരങ്ങളായിട്ടും ലയണൽ മെസി ഇത് വരെ ഗോൾ അക്കൗണ്ട് തുടങ്ങീട്ടില്ല. അടുത്ത മത്സരത്തിൽ താരം ഗംഭീര തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സെമി ഫൈനലിലെ ആദ്യ മത്സരം അർജന്റീനയും കാനഡയുമായിട്ട് ജൂലൈ 10 ആണ് ക്രമീകരിച്ചിരിക്കുന്നത്.