സ്വന്തം തട്ടകത്തിലും നാണംകെട്ട് കാനറികള്‍, യോഗ്യതാ മത്സരത്തില്‍ ബ്രസീലിനെ വീഴ്ത്തി അര്‍ജന്റീന

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിനെ വീഴ്ത്തി അര്‍ജന്റീന. കാനറിറുകളുടെ തട്ടകമായ മാരക്കാനയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീനയുടെ വിജയം. 63ാം മിനിറ്റില്‍ ബുള്ളറ്റ് ഹെഡറിലൂടെ ഒറ്റമെന്‍ഡിയാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്.

ഗ്യാലറിയിലെ ആരാധകരുടെ കൂട്ടയടി കാരണം വൈകിയാരംഭിച്ച മത്സരത്തില്‍ മൈതാനവും കലുഷിതമായിരുന്നു. ബ്രസീല്‍-അര്‍ജന്റീന താരങ്ങള്‍ പലതവണ മൈതാനത്ത് മുഖാമുഖം വന്നു. അര്‍ജന്റീനയുടെ ലിയോണല്‍ മെസിയും ബ്രസീലിന്റെ റോഡ്രിഗോയും കൊമ്പുകോര്‍ത്തു. കളി പരുക്കനായി തുടര്‍ന്നതോടെ ബ്രസീലിയന്‍ താരങ്ങള്‍ക്ക് നേര്‍ക്ക് മൂന്ന് മഞ്ഞക്കാര്‍ഡുകള്‍ ആദ്യ പകുതിയില്‍ തന്നെ ഉയര്‍ന്നു.

81ാം മിനിറ്റില്‍ ജോലിന്‍ടണ്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ബ്രസീല്‍ 10 പേരുമായാണ് കളിച്ചത്. അര്‍ജന്റീന മധ്യനിരക്കാരന്‍ ഡി പോളിനെ ഫൗള്‍ ചെയ്തതിനാണ് ജോലിന്‍ടണ് ചുവപ്പുകാര്‍ഡ് കിട്ടിയത്. മെസ്സി 78 മിനിറ്റോളം അര്‍ജന്റീനക്കായി കളത്തിലുണ്ടായിരുന്നു.

ബ്രസീലിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. കഴിഞ്ഞ മത്സരങ്ങളില്‍ യുറുഗ്വെയോടും കൊളംബിയയോടും ബ്രസീല്‍ തോറ്റിരുന്നു. അതേസമയം യുറുഗ്വെയോട് തോറ്റ അര്‍ജന്റീന ബ്രസീലിനെതിരായ മത്സരത്തോടെ വിജയവഴിയില്‍ തിരിച്ചെത്തി.