നെയ്മറില്‍ നിന്ന് പാഠം പഠിച്ചു; 'കളി' മാറ്റി ബാഴ്‌സ

സൂപ്പര്‍ താരം നെയ്മറിന്റെ കൂടുമാറ്റത്തില്‍ നിന്നും പാഠം പഠിച്ച് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ. 222 മില്ലണ്‍ യൂറോയ്ക്ക് നെയ്മര്‍ ക്ലബ്ബ് വിട്ടുപോയതിന്റെ ഞെട്ടലില്‍ നിന്നും ബാഴ്‌സ കരകയറി വരുന്നതെയുള്ളൂ. ഇനിയും അത്തരത്തിലുള്ള ട്രാന്‍സ്ഫര്‍ നടക്കാതിരിക്കാനുള്ള തന്ത്രം ബാഴ്‌സലോണ പ്രസിഡന്റ് ജോസഫ് ബാര്‍ട്ടോമി നടത്തിക്കഴിഞ്ഞു.

പിഴവ് ആവര്‍ത്തിക്കാതിരിക്കാന്‍ ടീമിലെ താരങ്ങളുടെ റിലീസ് ക്ലോസില്‍ വമ്പന്‍ തുകയാണ് ചേര്‍ത്തിരിക്കുന്നത്. സൂപ്പര്‍ താരങ്ങളുമായുള്ള കരാറില്‍ റയല്‍ മാഡ്രിഡ് ഉപയോഗിക്കുന്ന തന്ത്രം തന്നെയാണ് ബാഴ്‌സലോണയും ഉപയോഗിച്ചിരിക്കുന്നത്. മെസ്സിയുമായുള്ള കരാര്‍ പുതുക്കിയ സമയത്ത് റിലീസ് ക്ലോസായി 700 മില്ല്യണ്‍ യൂറോയാണ് ചേര്‍ത്തിരിക്കുന്നതെന്ന് മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നു.

300 മില്ല്യണ്‍ യൂറോയായിരുന്നു മെസ്സിക്ക് ഇതുവരെയുണ്ടായിരുന്ന റിലീസ് ക്ലോസ്. 700 മില്ല്യണ്‍ യൂറോ നല്‍കി താരത്തെ സ്വന്തമാക്കാന്‍ നിലവില്‍ ഒരു ക്ലബ്ബും വന്നേക്കില്ലെന്നാണ് ബാഴ്‌സലോണയുടെ ധാരണ. അതേസമയം, ഈ സീസണില്‍ ടീമിലെത്തിയ ഒസ്മാന്‍ ഡെംബലെയ്ക്കും കുട്ടീഞ്ഞോയ്ക്കുമുള്ള റിലീസ് ക്ലോസിലും വന്‍ തുകയാണ് ബാഴ്‌സ ചേര്‍ത്തിട്ടുള്ളത്. 400 മില്ല്യണ്‍ യൂറോയാണ് ഈ താരങ്ങളെ ബാഴ്‌സയുമായുള്ള കരാര്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് സ്വന്തമാക്കാന്‍ താല്‍പ്പര്യമുള്ള ക്ലബ്ബുകള്‍ നല്‍കേണ്ടത്.

ടീമിന്റെ പ്രതിരോധ താരം ജെറാര്‍ഡ് പിക്വയ്ക്ക് 500 മില്ല്യണ്‍ റിലീസ് ക്ലോസായും ചേര്‍ത്തിട്ടുണ്ട്.