രണ്ടില്‍ രണ്ട് ജയം; ബെംഗളുരു എഫ്‌സി മിന്നി; ഡല്‍ഹി നാണം കെട്ടു

ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്കു തുടര്‍ച്ചയായ രണ്ടാം ജയം. ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഡല്‍ഹി ഡൈനാമോസിനെയാണ് ആതിഥേയര്‍ പരാജയപ്പെടുത്തിയത്. കളിയുടെ 23, 45 മിനിറ്റുകളില്‍ ഓസ്ട്രേലിയന്‍ താരം എറിക് പാര്‍ത്താലുവിന്റെ രണ്ടു ഗോളുകളില്‍ മുന്നിട്ടു നിന്ന ബെംഗളുരു എഫ്‌സിക്കു വേണ്ടി 57ാം മിനിറ്റില്‍ ലെനി റോഡ്രിഗസും 87ാം മിനിറ്റില്‍ മിക്കുവും ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. നൈജീരിയക്കാരന്‍ കാലു ഉച്ചെയുടെ പെനാല്‍ട്ടി ഗോളിലാണ് ( 86ാം മിനിറ്റില്‍) ഡല്‍ഹി ആശ്വാസം കണ്ടെത്തിയത്. രണ്ട് ഗോള്‍ നേടിയ എറിക് പാര്‍ത്താലുവാണ് മാന്‍ ഓഫ് ദി മാച്ച്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ആറ് പോയിന്റ് നേടി നവാഗതരായ ബെംഗ്ളുരു എഫ്.സി പോയിന്റ് പട്ടികയില്‍ മുന്നിലെത്തി.

ഐഎസ്എല്ലിലെ സൂപ്പര്‍ സണ്‍ഡേ ആയിരുന്നു ആദ്യ മത്സരം ജയിച്ച ഇരു ടീമുകളും നേര്‍ക്കു നേര്‍ വന്നപ്പോള്‍ ആരാധകര്‍ക്ക് ലഭിച്ചത്. തുടരെയുള്ള ആക്രമണങ്ങളോടെയാണ് ബെംഗളുരു കളി തുടങ്ങിയത്. ഡല്‍ഹി നിലയുറപ്പിക്കുന്നതിനു മുന്‍പ് തന്നെ ആതിഥേയര്‍ ആഞ്ഞടിക്കുകയായിരുന്നു.

23-ാം മിനിറ്റില്‍ ബെംഗളുരുവിന്റെ ആരാധകര്‍ കാത്തിരുന്ന ഗോള്‍ വന്നു. സുനില്‍ ഛെത്രിയെ വിനിത് റായ് ഫൗള്‍ ചെയ്തതിനു ലഭിച്ച ഫ്രീ കിക്കാണ് ഗോളിനു വഴിയൊരുക്കിയത്. കിക്കെടുത്തത് ജൂവാനന്‍. പന്ത് ഹെഡറിലൂടെ ഹര്‍മന്‍ജ്യോത് കാബ്ര, മിഡ് ഫീല്‍ഡര്‍ എറിക് പാര്‍ത്താലുവിനു നല്‍കി. മനോഹരമായ ഹെഡ്ഡറിലൂടെ പര്‍ത്താലു പന്ത് വലയിലാക്കി.

കളി ഒന്നാം പകുതിയുടെ ഇഞ്ചുറി സമയത്തിന്റെ മൂന്നാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ ആണ് ബെംഗ്ളുരുവിന്റെ രണ്ടാം ഗോളിലേക്കു നീങ്ങിയത്. കിക്കെടുത്ത എഡു ഗാര്‍ഷ്യ, എറിക് പാര്‍ത്താലുവിന്റെ തല ലക്ഷ്യമാക്കി പന്ത് മനോഹരമായി ടേണ്‍ ചെയ്തു. ചാടി ഉയര്‍ന്ന ഓസ്ട്രേലിയന്‍ മിഡ്ഫീല്‍ഡര്‍ ഗോള്‍ പോസ്റ്റിന്റെ വലത്തെ മൂലയിലേക്കു പന്ത് ചെത്തിവിട്ടു. ഡല്‍ഹി ഗോളിയെ മറികടന്നു ഗോള്‍ ലൈന്‍ മറികടന്ന പന്ത് രക്ഷിക്കാന്‍ പ്രീതം കോട്ടാല്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല.

57-ാം മിനിറ്റില്‍ ബെംഗ്ളുരു എഫ്.സി മൂന്നാം ഗോള്‍ നേടി. സുനില്‍ ഛെത്രിയുടെ മനോഹരമായ ഡയഗണല്‍ പാസ് നെഞ്ചില്‍ സ്വീകരിച്ച ഉദാന്ത സിംഗിന്റെ ആദ്യ ശ്രമം ഡല്‍ഹിയുടെ ഗോളി തടുത്തു . റീ ബൗണ്ടില്‍ ഓടിവന്ന ലെനി റോഡ്രിഗസ് പന്ത് വലയിലേക്കു പായിച്ചു. സ്‌കോര്‍ 3-0.

86 ാം മിനിറ്റില്‍ സെയ്ത്യാന്‍സെന്നിന്റെ ബോക്സിനകത്തു കയറി തൊടുത്തുവിട്ട ഷോട്ട ബെംഗ്ളുരുവിന്റെ ജോണ്‍ ജോണ്‍സണ്‍ വലതു കൈകൊണ്ടു തടഞ്ഞതിനു കിട്ടിയ പെനാല്‍ട്ടി നൈജീരിയന്‍ ഇന്റര്‍നാഷണല്‍ കാലു ഉച്ചെ വലയിലാക്കി. സ്‌കോര്‍ 3-1. എതിരെ ഗോള്‍ വന്നതോടെ ബെംഗളുരു ഉഷാറിലായി. 87-ാം മിനിറ്റില്‍ സുനില്‍ ഛെത്രി നല്‍കിയ ഡയഗണല്‍ പാസ് സ്വീകരിച്ച വെനിസ്വലയുടെ താരം മിക്കു ബോക്സിനകത്തു രണ്ട് ഡിഫെന്‍ഡര്‍മാരെയും ഡല്‍ഹി ഗോളിയെ മറികടന്നു പന്ത് വലയിലാക്കുകയായിരുന്നു. ബെംഗ്ളുരു എഫ്.സി ഇനി നവംബര്‍ 30നു ഫത്തോര്‍ഡ സ്റ്റേഡിയത്തില്‍ ആതിഥേയരായ എഫ്.സി ഗോവയേയും ഡല്‍ഹി ഹോം ഗ്രൗണ്ടില്‍ ഡിസംബര്‍ രണ്ടിനു നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റിഡിനെയും നേരിടും.