ഒടുവിൽ അതും സംഭവിച്ചു. ദുർബലരായ ഹൈദരാബാദിനോടെങ്കിലും ജയിക്കാമെന്ന ബ്ലാസ്റ്റേഴ്‌സ് മോഹങ്ങൾക്ക് തിരിച്ചടിയായി അവരോടും ടം തോറ്റു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയം സമ്മതിച്ചത്. ജീസസ് ജിമിനാസ് നേടിയ ഗോളിലൂടെ മുന്നിലെത്തിയ ബ്ലാസ്‌റ്റേഴ്‌സിനെ ആൽബ നേടിയ ഇരട്ട ഗോളിലൂടെയാണ് ഹൈദരാബാദ് തോൽപ്പിച്ചത്.
ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ മുന്നേറ്റങ്ങൾ കണ്ട ആദ്യ പകുതി തന്നെയാണ് കൊച്ചിയിൽ കാണാൻ സാധിച്ചത്. സീസണിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാണാൻ ആഗ്രഹിച്ച ഒരു ആവേശം ഇന്ന് താരങ്ങളിലും ഉണ്ടായിരുന്നു. മുന്നേറ്റവും, മധ്യനിരയും, പ്രതിരോധവും എല്ലാം മനോഹമാരായി ഇഴകി ചേർന്ന് കളിച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സ് ഏത് നിമിഷവും ഗോളടിക്കുമെന്ന തോന്നൽ ഉണ്ടായിരുന്നു. അത് ശരിവെക്കുന്ന പോലെ തന്നെ കളിയുടെ 13 ആം മിനിറ്റിൽ റൈറ്റ് വിങിൽ നിന്നും ബോക്സിനുള്ളിലേക്ക് കുതിച്ചുകയറിയ കോറൂ സിങ് മിന്നൽപിണർ പോലെ ഹൈദരാബാദ് പ്രതിരോധത്തെ കബളിപ്പിച്ചു.
ശേഷം അളന്ന് മുറിച്ചുനൽകിയ മനോഹര പാസ് ജീസസ് ജിമിനസിലേക്ക്. ജീസസ് വളരെ കൂളായി അത് ഇഫിനിഷ് ചെയ്തതോടെ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് മുന്നിൽ. ഗോളടിച്ചിട്ടും പ്രതിരോധ സമീപനത്തിലേക്ക് നീങ്ങാതെ വീണ്ടും വീണ്ടും ഗോളടിക്കാൻ ശ്രമിച്ച ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഉത്സാഹിച്ചതോടെ ഹൈദരാബാദ് ശരിക്കും ബുദ്ധിമുട്ടി.
കളിയുടെ 23 ആം മിനിറ്റിൽ ലുണയുടെ മനോഹരമായ ചിപ്പിങ് ബോൾ സ്വീകരിച്ച ജീസസ് പന്ത് ഒരിക്കൽക്കൂടി വലയിൽ എത്തിച്ചെങ്കിലും അത് ഓഫ്‌സൈഡ് ആയിരുന്നു. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് ഭീഷണി സൃഷ്ടിക്കുന്ന രീതിയിൽ ഉള്ള അധികം മുന്നേറ്റങ്ങൾ ഒന്നും നടത്താൻ സാധിച്ചിരുന്നില്ല 40 മിനിറ്റ് വരെ. എന്നാൽ അതിന് ശേഷം പ്രതിരോധം പതിവ് അലസതയിലേക്ക് പോയപ്പോൾ ബ്ലാസ്റ്റേഴ്‌സ് പണി മേടിച്ചു. ഹോർമിപമിന്റെ ചെറിയ മിസ്റ്റേക്കിൽ നിന്ന് തുടക്കം കുറിച്ച ഹൈദരാബാദ് മുന്നേറ്റം നൽകിയ മനോഹരമായ പാസ് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ കാഴ്ചക്കാരാക്കി ആൽബയുടെ ഫസ്റ്റ് ടൈം ഷോട്ട് ഗോൾ ആയതോടെ ക്‌ളീൻ ഷീറ്റ് എന്ന ബ്ലാസ്റ്റേഴ്‌സ് മോഹവും അവസാനിച്ചു ആദ്യ പകുതിയും.
രണ്ടാം പകുതിയിൽ തുടക്കം തന്നെ സൂപ്പർതാരം നോവ ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഇറങ്ങി. എന്തിരുന്നാലും ബ്ലാസ്റ്റേഴ്സിന്റെ പല മുന്നേറ്റങ്ങളും ലക്‌ഷ്യ ബോധം ഇല്ലാത്ത രീതിയിൽ ആയിരുന്നു എന്ന് പറയാം . ഹൈദരാബാദ് പോലെ അത്രയൊന്നും കരുത്തർ അല്ലാത്ത ടീമിനെതിരെ പോലും നല്ല മുന്നേറ്റങ്ങൾ ബ്ലാസ്റ്റേഴ്‌സ് നടത്തിയില്ല എന്നത് ആശങ്ക ഉണ്ടാക്കുന്നു. ഹൈദരാബാദ് ആകട്ടെ നന്നായി കളിക്കുകയും ചെയ്തു. എന്തായാലും അവർ നടത്തിയ ഒരു മികച്ച മുന്നേറ്റം 68 ആം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് ബോക്സിൽ ആശങ്ക ഉണ്ടാക്കുന്നു. ഹോർമിപാം പന്ത് മനോഹരമായി പ്രതിരോധിച്ചെങ്കിലും റഫറി അത് ഹാൻഡ്‌ബോൾ വിളിച്ചു. തെറ്റായ തീരുമാനം എന്ന് തോന്നിച്ചെങ്കിലും റഫറി അതിൽ ഉറച്ചതോടെ ഹൈദരാബാദിന് അനുകൂലമായ പെനാൽറ്റി. ആൽബ സോം കുമാറിന് യാതൊരു പിടിയും നൽകാത്ത ഷോട്ടിലൂടെ ഗോൾ നേട്ടം രണ്ടാക്കി ഹൈദരാബാദിനെ മുന്നിൽ എത്തിച്ചു,
Read more
അപ്രതീഷിതമായ കിട്ടിയ തിരിച്ചടിയിൽ തകർന്ന ബ്ലാസ്റ്റേഴ്‌സ് തുടർച്ചയായ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഹൈദരാബാദ് ആകട്ടെ കിട്ടിയ അവസരത്തിൽ ബ്ലാസ്‌റ്റേഴ്‌സിനെ നന്നായി പരീക്ഷിക്കുകയും ചെയ്തു. ഒടുവിൽ ഹൈദരാബാദിനോടും പരാജയപ്പെട്ട് സീസണിൽ തങ്ങളുടെ തുടർച്ചയായ മൂന്നാം തോൽവിയുമായി ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിട്ടു.