ഡയലോഗ് ജെയിംസിനോട് വേണ്ട; മുംബൈ കോച്ചിനെതിരേ തിരിച്ചടിച്ച് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍

ഐഎസ്എല്ലില്‍ മുംബൈക്കെതിരേ കേരള ബ്ലാസ്റ്റേഴ്സ് നേടിയ വിജയഗോളുമായി ബന്ധപ്പെട്ട് വിവാദം ചൂടുപിടിക്കുന്നു. മുംബൈയില്‍ നടന്ന മത്സരത്തിന്റെ 24ാം മിനുട്ടില്‍ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിന്റെ ഗോളാണ് മുംബൈക്കെതിരേ ബ്ലാസ്‌റ്റേഴ്‌സിനെ വിജയിപ്പിച്ചത്. അതേസമയം, ബ്ലാസ്റ്റേഴ്‌സിന് ഗോള്‍ അനുവദിച്ച റഫറിയുടെ തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് മുംബൈ പരിശീലകന്‍ അലക്‌സാന്‍ഡ്രേ ഗുയ്മറസ് പറഞ്ഞതോടെയാണ് വിവാദത്തിന് തുടക്കമായത്.

യഥാര്‍ത്ഥത്തില്‍ ഫ്രീ കിക്ക് എടുക്കേണ്ട സ്ഥലത്തിന്റെ അഞ്ചു മീറ്ററോളം അപ്പുറത്തു നിന്നാണ് ബ്ലാസ്റ്റേഴ്സ് ഫ്രീ കിക്ക് എടുത്തതെന്നും മുംബൈ കോച്ച് പറഞ്ഞിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിനെ ഭാഗ്യമാണ് മുംബൈക്കെതിരേ രക്ഷിച്ചതെന്ന രീതിയിള്ള പരാമര്‍ശത്തിനെതിരേ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ രംഗത്തു വന്നിരുന്നു.

തുടര്‍ച്ചയായ രണ്ട് എവേ മത്സരങ്ങള്‍ ജയിച്ച് വിജയവഴിയില്‍ തിരിച്ചെത്തിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പോരാട്ടവീര്യത്തെ അപമാനിക്കുന്ന രീതിയില്‍ പരാമര്‍ശം നടത്തിയ മുംബൈ കോച്ചിനെതിരേ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജയിംസും രംഗത്തെത്തി. ഭാഗ്യം കൊണ്ടല്ല തന്റെ ടീം ഗോള്‍ നേടിയതെന്നാണ് ജെയിംസ് പ്രതികരിച്ചത്. അധ്വാനിച്ച് കളിച്ചു തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ഗോള്‍ നേടിയത്. റഫറി അത് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. പിന്നെയെങ്ങനെ അത് ഭാഗ്യമെന്ന് പറയും. അവസരം കിട്ടിയപ്പോള്‍ അത് ഉപയോഗിച്ചതാണ് തന്റെ ടീം വിജയത്തിലേക്കെത്താന്‍ കാരണം. ജെയിംസ് വ്യക്തമാക്കി.

പരിശീലകനായി ഡേവിഡ് ജെയിംസ് തിരിച്ചു വന്നതുമുതല്‍ കേരളാ ബ്ലാസ്റ്റേഴ്സ് അടിമുടി മാറിയിരിക്കുകയാണ്. താരങ്ങളുടെ കളിയിലും സമീപനത്തിലെല്ലാം ഇതുവരെയില്ലാത്ത ആവേശവും വിജയ തൃഷ്ണയും. മുംബൈക്കെതിരേയുള്ള ജയത്തോടെ പോയന്റ് പട്ടികയില്‍ അഞ്ചാമതെത്താനും ബ്ലാസ്റ്റേഴ്സിന് സാധിച്ചു. 10 കളികളില്‍ നിന്നും 14 പോയന്റ്സാണ് ടീമിനുള്ളത്. ഇയാന്‍ ഹ്യൂമിന്റെ ഗോളിന്റെ കരുത്തിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം.

ഡേവിഡ് ജെയിംസ് പരിശീലകനായി എത്തിയതിന് ശേഷമുള്ള മൂന്ന് മത്സരങ്ങളില്‍ നിന്നാണ് നിലവില്‍ ഉള്ളതിലെ പകുതി പോയിന്റുകളും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. 17ന് ജംഷഡ്പൂരിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.