യൂറോ കപ്പില്‍ മുത്തമിട്ട് ഇറ്റലി; താരമായി ഡൊണാറുമ, റൊണാള്‍ഡോ ടോപ് സ്‌കോറര്‍

ആവേശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി ഇറ്റലിയ്ക്ക് യൂറോ കപ്പ് കിരീടം. തകര്‍പ്പന്‍ സേവുകളുമായി കളം നിറഞ്ഞ ഗോള്‍കീപ്പര്‍ ജിയാന്‍ ലൂയി ഡൊണാറുമയാണ് ഇറ്റലിയ്ക്ക് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിജയം സമ്മാനിച്ചത്. ഷൂട്ടൗട്ടില്‍ 3-2 എന്ന സ്‌കോറിനാണ് ഇറ്റലിയുടെ വിജയം.

നിശ്ചിതസമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ച ശേഷമാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്കും പിന്നീട് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നീണ്ടത്. നിശ്ചിതസമയത്ത് ഇംഗ്ലണ്ടിനായി ലൂക്ക് ഷോയും ഇറ്റലിയ്ക്കായി ലിയോണാര്‍ഡോ ബൊനൂച്ചിയും ഗോള്‍ നേടി.

Image

1968ന് ശേഷം ഇതാദ്യമായാണ് ഇറ്റലി യൂറോ കപ്പില്‍ മുത്തമിടുന്നത്. ആദ്യ യൂറോകപ്പ് കിരീടം ലക്ഷ്യം വെച്ചിറങ്ങിയ ഇംഗ്ലണ്ടിന് അമിത പ്രതിരോധത്തിലേക്ക് വലിഞ്ഞത് തിരിച്ചടിയായി. ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇറ്റലി യൂറോ കപ്പ് സ്വന്തമാക്കിയത്.

Image

Read more

പ്രീ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിനോട് തോറ്റ് പോര്‍ച്ചുഗല്‍ പുറത്തായെങ്കിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. അഞ്ച് ഗോളുകളും ഒരു അസിസ്റ്റുമാണ് റൊണാള്‍ഡോ നടത്തിയത്. ഇറ്റലിയുടെ കിരീട ധാരണത്തില്‍ നിര്‍ണായ പങ്കുവഹിച്ച ജിയാന്‍ ലൂയി ഡൊണാറുമയാണ് ടൂര്‍ണമെന്റിലെ താരം. ടൂര്‍ണമെന്റിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം സ്പെയിനിന്റെ 18കാരന്‍ പെഡ്രോ ഗോണ്‍സാലസ് ലോപ്പസ് സ്വന്തമാക്കി.