EURO CUP 2024: തോറ്റാൽ എന്താ വിഷയം, ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയിരിക്കുന്നത് തകർപ്പൻ റെക്കോഡ്; ഇതൊക്കെ തകർക്കാൻ ആർക്കും പറ്റില്ല

ജൂൺ 26 ബുധനാഴ്ച ജോർജിയക്കെതിരെയുള്ള യൂറോ കപ്പ് മത്സരത്തിൽ ഇറങ്ങിയതോടെ പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ പുതിയ റെക്കോർഡിട്ട് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഒരു പ്രധാന ടൂർണമെന്റിൽ 50 മത്സരങ്ങൾ കളിക്കുന്ന ആദ്യത്തെ യൂറോപ്യൻ കളിക്കാരനാണ് ക്രിസ്റ്റ്യാനോ. യൂറോ 2024ന്റെ കൂടി ഭാഗമായതോടെ തുടർച്ചയായി ആറ് യൂറോ കപ്പ് ക്യാമ്പയിനുകളുടെ ഭാഗമായ റെക്കോർഡും റൊണാൾഡോക്ക് സ്വന്തം. ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചും പോളണ്ടിന്റെ റോബർട്ട് ലെവൻഡോസ്‌കിയും യൂറോയുടെ നാല് പതിപ്പുകളിലാണ് മത്സരിച്ചത്. ക്രൊയേഷ്യയും പോളണ്ടും യൂറോ 2024ന്റെ ഗ്രൂപ്പ് സ്റ്റേജിൽ പുറത്തായതോടെ അവരുടെ യാത്ര അവസാനിച്ചു.

ജോർജിയക്കെതിരായ മത്സരത്തിൽ നിലവിൽ നോക്ക് ഔട്ട് റൗണ്ട് ഉറപ്പിച്ച പോർച്ചുഗൽ ടീമിൽ പ്രധാനപ്പെട്ട മാറ്റങ്ങൾ വരുത്തിയാണ് കോച്ച് റോബർട്ടോ മാർട്ടിനെസ് ഇറക്കിയത്. ബ്രൂണോ ഫെർണാണ്ടസ് , ബെർണാർഡോ സിൽവ , കാൻസെലോ , ഡിയാഗോ ജോട്ട എന്നിവർക്ക് വിശ്രമം നൽകിയ മത്സരത്തിൽ സൂപർ താരം ക്രിസ്റ്റ്യാനോക്ക് അവസരം നൽകിയിരുന്നു. എട്ട് മാറ്റങ്ങളാണ് മാർട്ടിനെസ് ജോർജിയക്കെതിരെയുള്ള മത്സരത്തിൽ വരുത്തിയത്. ജൂലൈ രണ്ടിന് സ്ലോവേനിയക്കെതിരെയാണ് നോക്ക് ഔട്ട് റൗണ്ടിൽ പോർച്ചുഗലിന്റെ ആദ്യ മത്സരം.

തുർക്കിക്കെതിരായ മത്സരത്തിൽ ബ്രൂണോ ഫെർണാണ്ടസ് അടിച്ച ഗോളിന് വഴിയൊരുക്കിയതോടെ യൂറോ കപ്പിൽ ഏറ്റവും കൂടുതൽ അസ്സിസ്റ് നേടുന്ന താരമായും ക്രിസ്റ്റ്യാനോ റെക്കോർഡിട്ടു. 8 അസിസ്റ്റുകളാണ് നിലവിൽ ക്രിസ്റ്റ്യാനോയുടെ പേരിലുള്ളത്. ചെക്ക് ഇതിഹസം കരോൾ പൊബോർസ്‌കിയുമായി ക്രിസ്റ്റ്യാനോ ഈ റെക്കോർഡ് പങ്കിടുന്നു. ഗ്രൂപ്പ് സ്റ്റേജിൽ ഗോൾ ഒന്നും നേടാനാവാത്ത ക്രിസ്റ്റ്യാനോക്ക് നോക്ക് ഔട്ട് റൗണ്ടിൽ ഗോൾ നേടാനായാൽ ഏറ്റവും പ്രായം കൂടിയ ഗോൾ സ്‌കോറർ എന്ന റെക്കോർഡും സ്വന്തമാക്കാം.