ഈ വര്‍ഷം റയല്‍ മാഡ്രിഡിന് കിരീടം അഞ്ച്; ക്രിസ്മസ് ആഘോഷിക്കാന്‍ പക്ഷെ ബാഴ്‌സലോണ 'കനിയണം'

ഈ വര്‍ഷം സിദാനും കുട്ടികളും അഞ്ച് കിരീടമാണ് സ്വന്തമാക്കിയിരിക്കുന്നത്. ലാലിഗ, സ്പാനിഷ് സൂപ്പര്‍ കപ്പ്, യൂറോപ്പിലാണെങ്കില്‍ സൂപ്പര്‍ കപ്പ്, ചാമ്പ്യന്‍സ് ലീഗ് ഒടുവിലിതാ ക്ലബ് ലോകകപ്പ് കിരീടവും. കാര്യങ്ങളിങ്ങനൊക്കെയാണെങ്കിലും റയലിന്റെ ക്രിസ്മസ് മധുരമുള്ളതാവണമെങ്കില്‍ ഒരു കടമ്പകൂടി കടക്കേണ്ടതായുണ്ട്.

ചിര വൈരികളായ ബാഴ്‌സലോണയുമായി ലാലിഗയിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ ജയിച്ചു ക്രിസ്മസ് ആഘോഷിക്കാമെന്നാണ് മാഡ്രിഡ് കരുതുന്നത്.  23 ന് സാന്‍റിയാഗോ ബര്‍ണാബുവില്‍ വച്ചാണ് എല്‍ ക്ലാസിക്കോ.

നിലവില്‍ ബാഴ്‌സയുമായി റയലിന് 8 പോയന്റ് വ്യത്യാസമുണ്ട്. പോയന്റ് വ്യത്യസം കുറയ്ക്കുക എന്നതിലുപരി  ചിരവൈരികളെ തോല്‍പ്പിച്ചുകൊണ്ട് ബാഴ്‌സയ്ക്ക് ക്രിസ്മസ് ഷോക്ക് നല്‍കാനാവും റൊണാള്‍ഡോയും സംഘവും ഇറങ്ങുക. 15 കളികളില്‍ നിന്നായി 39 പോയന്റുമായി ബാഴ്‌സയാണ് ലീഗില്‍ ഒന്നാമത്. 31 പോയന്റുള്ള റയല്‍ നാലാമതാണ്.

റയല്‍-ബാഴ്‌സ പോരാട്ടം എല്ലാക്കാലത്തും വാര്‍ത്തകളില്‍ നിറയുന്നതാണ്. തന്റെ അഞ്ചാം ബാലണ്‍ ദ്യോര്‍ സ്വന്തമാക്കിക്കൊണ്ട് ക്രിസ്റ്റിയാനോ പറഞ്ഞ വാക്കുകള്‍ ഫുട്‌ബോള്‍ ലോകത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. താനാണ് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്നും മെസ്സിയേയും നെയ്മറേക്കാളുമെല്ലാം പൂര്‍ണനായ കളിക്കാരന്‍ ഞാന്‍ ആണെന്നുമാണ് റൊണാള്‍ഡൊ പറഞ്ഞത്.

ഈ പൊങ്ങച്ചം പറയുന്നതൊന്നു നിര്‍ത്താമോ എന്നാണ് അര്‍ജന്റീനന്‍ ഇതിഹാസം മറഡോണ റൊണോയുടെ പ്രസ്താവനയോട് പ്രതികരിച്ചത്. റൊണാള്‍ഡോയുടെ അഞ്ചാം ബാലണ്‍ ദ്യോര്‍ നേട്ടത്തിന് ശേഷം നടക്കുന്ന മെസ്സി-റൊണാള്‍ഡോ പോരാട്ടത്തിനായി ഫുട്ബോള്‍ ലോകം ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.