ഇപ്പോൾ ഉള്ള ഇന്റർനാഷണൽ ബ്രേക്കിൽ രണ്ട് മത്സരങ്ങളാണ് ഫ്രാൻസ് കളിക്കേണ്ടത്. ഇസ്രായേലും ബെൽജിയത്തിനെതിരെയുമാണ് അവർ മത്സരിക്കുന്നത്. മത്സരത്തിന് വേണ്ടി ഫ്രാൻസ് താരങ്ങൾ എല്ലാവരും തന്നെ പരിശീലനത്തിന്റെ ഭാഗമായി ക്യാമ്പിലേക്ക് എത്തിയിട്ടുണ്ട്. ഔട്ഫിറ്റിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്ന താരങ്ങളാണ് ഫ്രാൻസ് ടീമിൽ ഉള്ളത്. എല്ലാ തവണയും അവർ ഓരോ വേഷങ്ങൾ ധരിച്ചാണ് ക്യാമ്പിലേക്ക് എത്തുന്നതും.
ഫ്രഞ്ച് സൂപ്പർ താരമായ ഇബ്രാഹിമ കൊനാറ്റ ക്യാമ്പിലേക്ക് എത്തിയത് കുറച്ച് വിചിത്രമായ വേഷത്തിലൂടെയാണ്. മുഖം മറച്ച് കൊണ്ടുള്ള ഔട്‍ഫിറ്റ് ആണ് അദ്ദേഹം ധരിച്ചുകൊണ്ട് വന്നത്. അതിന് ശേഷം ക്യാമെറയ്ക്ക് മുന്നിൽ അദ്ദേഹം തന്റെ മുഖം മൂടി മാറ്റുകയും ചെയ്തു. ഇതോടെ സംഭവം ഏറെ ചർച്ചയായിട്ടുണ്ട്. ആരാധകരിൽ നിന്നും ഏറെ വിമർശനങ്ങൾ ഉയർന്നു വരികയാണ്.
ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ പറയുന്നത് ഇങ്ങനെ:
‘ ഇത്തരം കാര്യങ്ങൾ ഒഴിവാക്കി ഫുട്ബോൾ ശ്രദ്ധിക്കൂ ‘ എന്നാണ് ഒരു ആരാധകൻ ട്വിറ്ററിൽ എഴുതിയിട്ടുള്ളത്.
‘ ഇതൊരു ഫാഷൻ വീക്ക് അല്ല, താരങ്ങൾ സ്വയം ചെറുതാവുകയാണ് ചെയ്യുന്നത് ‘ എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടിട്ടുള്ളത്.
‘കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ്. താരങ്ങൾ കോമാളി വേഷം ധരിക്കുന്നതിൽ ആണ് ശ്രദ്ധ നൽകുന്നത്. ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷൻ ഇക്കാര്യത്തിൽ ഒരു നടപടി എടുക്കണം ‘ഇതാണ് മറ്റൊരാളുടെ അഭിപ്രായം.
ആരാധകരുടെ പ്രതിഷേധങ്ങൾ വ്യാപകമാവുകയാണ്. അടുത്ത രണ്ട് യോഗ്യത റൗണ്ട് മത്സരങ്ങൾ ഫ്രാൻസ് ടീമിനെ സംബന്ധിച്ചടുത്തോളം നിർണായകമാണ്. ഇത്തരത്തിലുള്ള വേഷവിധാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഫുട്ബോളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ താരങ്ങൾക്ക് നിർദ്ദേശം നൽകേണ്ടതുണ്ട് എന്നാണ് പലരും ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.