ഗോകുലത്തിന് ഐലീഗില്‍ സമനില ; മുഹമ്മദന്‍സുമായി ഒരു ഗോളടിച്ചു പിരിഞ്ഞു

ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗായ ഐപിഎല്ലില്‍ ടേബിള്‍ ടോപ്പര്‍മാരുടെ മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായ മുഹമ്മദന്‍സ് സമനിലയില്‍ തളച്ച് ഗോകുലം കേരളാ എഫ്‌സി. ഇരു ടീമും തമ്മില്‍ നടന്ന മത്സരത്തില്‍ ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. കളിയുടെ 27 ാം മിനിറ്റില്‍ റൂഡോവിക്ക് നേടിയ ഗോളിന് മുന്നിലെത്തിയ മുഹമ്മദന്‍സിനെ രണ്ടാം പകുതിയില്‍ താരം ലൂക്കാ മാജ്‌സെന്റെ ഗോളില്‍ ഗോകുലം സമനിലയില്‍ കുരുക്കുകയായിരുന്നു.

ആദ്യ പകുതിയില്‍ മാര്‍ക്കസ് ജോസഫ് നല്‍കിയ തകര്‍പ്പന്‍ ത്രൂബോളില്‍ നിന്നുമായിരുന്നു റൂഡോവിക്കിന്റെ ഗോള്‍ വന്നത്. എന്നാല്‍ രണ്ടാം പകുതിയില്‍ 78 ാം മിനിറ്റില്‍ മുഹമ്മദന്‍സിന്റെ ബോക്‌സിലൂടെ പന്തുമായി കയറിയ ജിതിനെ പ്രതിരോധതാരം അക്തര്‍ വീഴ്ത്തിയതിനെ തുടര്‍ന്ന കിട്ടിയ പെനാല്‍റ്റി സ്‌ളോവേനിയന്‍ താരം മുതലാക്കുകയായിരുന്നു.

Read more

ഇരു ടീമും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ മത്സരത്തില്‍ അനേകം തവണയാണ് ഗോകുലത്തിന് ഗോള്‍ മാത്രം ഒഴിഞ്ഞുപോയത്. ഇരു ടീമും സമനിലയില്‍ പിരിഞ്ഞ സാഹചര്യത്തില്‍ ലീഗ് പട്ടികയിലെ സ്ഥാനത്തിന് മാറ്റമില്ല. ഏഴു മത്സരം കളിച്ച മുഹമ്മദന്‍സ് 16 പോയിന്റുമായി ഒന്നാമതും ഒരു മത്സരം കുറച്ചുകളിച്ച ഗോകുലം 14 പോയിന്റുമായി രണ്ടാമതും നില്‍ക്കുകയാണ്.