'പരിശീലകനെന്ന നിലയില്‍ വലിയ നിരാശ..'; ബ്ലാസ്റ്റേഴ്സിന്‍റെ കാര്യത്തില്‍ ഇവാന്‍ ഹാപ്പിയല്ല

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പത്താം സീസണിലെ തങ്ങളുടെ പതിനാറാം മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് എഫ്സി ഗോവയെ നേരിടും. തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ക്കപ്പുറം ഇറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിനും തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ നേരിടുന്ന എഫ്സി ഗോവക്കും മത്സരം ഏറെ നിര്‍മായകമാണ്. മത്സരത്തിനു മുന്നോടിയായി നടന്ന പത്രസമ്മളനത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകമാനോവിച്ചു ടീമിന്റെ അവസ്ഥയില്‍ നിരാശ പ്രകടിപ്പിച്ചു.

ഒരു ടീമെന്ന നിലയില്‍ പരിശീലകനെന്ന നിലയില്‍ എനിക്ക് നിരാശയുണ്ട്. പരിക്കുകള്‍… യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ക്കതാണ് ഈ സീസണിലെ കഥ. ഞങ്ങളിപ്പോള്‍ എല്ലാ ദിവസവും ആരെയും നഷ്ടപ്പെടില്ലേയെന്ന് പ്രതീക്ഷിക്കുകയാണ്. സീസണിന്റെ അവസാനം വരെ എല്ലാ കളിക്കാരും ആരോഗ്യത്തോടെയിരിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ക്ക് ഞങ്ങളുടെ എതിരാളികളെ നിയന്ത്രിക്കാന്‍ കഴിയില്ല, പക്ഷേ ഞങ്ങളുടെ പോരാട്ടവീര്യം വീണ്ടെടുക്കണം, പരസ്പരം പോരാടി, ഡിസംബറില്‍ ചെയ്തതുപോലെ എതിരാളികളെ മറികടക്കാന്‍ ശ്രമിക്കണം- ഇവാന്‍ പറഞ്ഞു.

പ്രീ സീസണ്‍ പരിശീലനത്തിന്റെ 4 ാം ദിവസം ജോഷ്വ സത്തീരിയോ പരുക്കേറ്റു കളം വിട്ടു. പിന്നെ, എത്രയെത്ര താരങ്ങള്‍ക്കാണു പരുക്കേറ്റത്. ഐബന്‍ഭ, ലൂണ, ഫ്രെഡ്ഡി, ജീക്‌സണ്‍, ലെസ്‌കോവിച്ച്, ക്വാമെ പെപ്ര, വിബിന്‍ മോഹനന്‍, ഇപ്പോള്‍ സച്ചിന്‍ സുരേഷ്.. പേശികള്‍ക്കുണ്ടാകുന്ന പതിവു പരുക്കല്ല, ഗൗരവമുള്ള പരുക്കുകള്‍. 9 പേര്‍ക്കു ശസ്ത്രക്രിയ വേണ്ടിവന്നു. മുംബൈയിലെ ആശുപത്രിയില്‍ ഇപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് ടീമിനു ഡിസ്‌കൗണ്ട് കിട്ടുന്ന സ്ഥിതിയാണ്! കേള്‍ക്കുമ്പോള്‍ തമാശ തോന്നുമെങ്കിലും അങ്ങേയറ്റം നിരാശാജനകംമാണിത്- ഇവാന്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ പതിനഞ്ചു മത്സരങ്ങളില്‍ നിന്നായി ഇരുപത്തിയാറ് പോയിന്റുമായി കേരളാ ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തും പതിനാലു മത്സരങ്ങളില്‍ നിന്നായി ഇരുപത്തിയെട്ടു പോയിന്റുമായി എഫ്സി ഗോവ നാലാം സ്ഥാനത്തുമാണ്. അതുകൊണ്ടു തന്നെ വിജയിക്കുന്ന ടീമിന് ലഭിക്കുന്ന മൂന്നു പോയിന്റുകള്‍ ഇരു ടീമുകളുടെയും റാങ്കിംഗിനെ പ്രത്യക്ഷമായിത്തന്നെ ബാധിക്കും.