ഇന്ത്യന്‍ ഫുട്‌ബോളില്‍ രണ്ടു സീസണായി താരമായി വളര്‍ന്നിരിക്കുന്ന മലയാളികളുടെ സ്വന്തം സഹല്‍ അബ്ദുള്‍ സമദിനെ പുകഴ്ത്തി ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കും. സെമി ആദ്യപാദ മത്സരത്തില്‍ ടീമിനെ വിജയിപ്പിച്ചതിന് പിന്നാലെയായിരുന്നു സ്റ്റിമാക്കിന്റെ ട്വീറ്റും വന്നത്.
തനിക്ക് ഇഷ്ടപ്പെട്ട ഏതാനും കളിക്കാരെക്കുറിച്ച് പറഞ്ഞാല്‍ അവരില്‍ ഒരാള്‍ അവനാണ്. ഫുട്‌ബോളില്‍ കാര്യങ്ങള്‍ എളുപ്പം മനസ്സിലാക്കാനുള്ള കഴിവ്, കളിയോടുള്ള അഭിനിവേശം, ക്രിയാത്മകത എന്നിവ അവനുണ്ട്. ഇത് അവന് ഒരു മഹത്തായ സീസണായിരുന്നു. അവന്റെ കഴിവുകളെക്കുറിച്ച്് നമുക്കറിയാം. മറ്റു കളിക്കാര്‍ അവനെ വെച്ച് നോക്കുമ്പോള്‍ ഇനിയും മെച്ചപ്പെടാനുണ്ട്.
അടുത്തയാഴ്ച ബലാറസിനെതിരേയും ബഹ്‌റിനെതിരേയും ഇന്ത്യ രണ്ടു സൗഹൃദ മത്സരത്തില്‍ കളിക്കാനൊരുങ്ങുമ്പോഴാണ് സ്റ്റിമാക്കിന്റെ പുകഴ്ത്തല്‍. ജന്മവാസനയും, പ്രതിഭയും വേണ്ടുവോളമുള്ള സഹലിനെപ്പോലെയുള്ള കളിക്കാര്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ വരുന്നത് വളരെ വിരളമാണ്. ഏറ്റവും കുറഞ്ഞത്് ഒരു ദശകത്തിനിടയില്‍ പോലും. എന്നാല്‍ യുഎഇയില്‍ ജനിച്ചു വളര്‍ന്ന സഹല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി തന്നെക്കുറിച്ചുള്ള അനേകം ആശങ്കളാണ് തിരുത്തിയത്.
സാധാരണ പ്രതിരോധക്കാരെ വെട്ടിയൊഴിയുന്ന ഗോളുകളും മാന്ത്രിക ടച്ചുമായി സീസണില്‍ മികച്ച രീതിയില്‍ തുടങ്ങാറുള്ള സഹല്‍ സീസണ്‍ പുരോഗമിക്കുന്തോറും ഫോം മങ്ങിപ്പോകുകയും പിന്നെ കാണാതാകുകയും ചെയ്യാറാണ് പതിവ്. എന്നാല്‍ ഈ സീസണില്‍ എടികെയ്ക്ക് എതിരേയുള്ള ആദ്യ മത്സരം മുതല്‍ സഹല്‍ മികച്ച പ്രകടനമാണ് നടത്തുന്നത്.
വെള്ളിയാഴ്്ച ജംഷെഡ്പൂരിനെതിരേയുള്ള ആദ്യപാദ സെമിയില്‍ സഹല്‍ നേടിയ ഗോള്‍ അനേകം ഇന്ത്യന്‍ കളിക്കാരെയും ടീമിനെയുമാണ് സ്വാധീനിച്ചത്. സഹലിന്റെ കഴിവുകള്‍ ഈ സീസണില്‍ ഏറെ മെച്ചപ്പെട്ടതിന് ഇന്ത്യന്‍ മാനേജര്‍ സ്റ്റിമാക്ക് നന്ദി പറയേണ്ടത് കേരളാ ബ്‌ളാസ്‌റ്റേഴ്‌സ് പരിശീലകന്‍ വുകുമിനോവിച്ചിനോടാണ്.
ഈ സീസണില്‍ സഹല്‍ തന്റെ പതിവ് സെന്‍ട്രല്‍ മിഡ്ഫീല്‍ഡ് പൊസിഷനില്‍ നിന്നും വലതു മിഡ്ഫീല്‍ഡിലേക്ക് മാറിയത് താരത്തിന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി. സാധാരണ സെന്‍ട്രല്‍ മിഡ്ഫീല്‍ഡില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ പെട്ടുപോയിരുന്ന സഹലിന് ഇത്തവണ കൂടുതല്‍ നല്ല നീക്കത്തിന് അവസരം കിട്ടി.
Read more
സെമിഫൈനല്‍ ആദ്യപാദത്തില്‍ നേടിയ ഗോള്‍ ഇതിനുദാഹരണമാണ്. വസ്‌കസ് പന്ത് ഉയര്‍ത്തി വിടുന്നതിന് മുമ്പ് തന്നെ സഹല്‍ ഓട്ടം തുടങ്ങിയിരുന്നു. ഇത് അദ്ദേഹം കളി വ്യക്തമായി മനസ്സിലാക്കുന്നു എന്നതിന്റെ സൂചനയായിരുന്നു. ഇത് ഓടിയെത്തിയ ജംഷെഡ്പൂര്‍ കീപ്പര്‍ രഹനേഷിനേക്കാള്‍ മുമ്പ് പന്തിലെത്താനും താരത്തിന് ഇതുമൂലം കഴിഞ്ഞു. അറ്റാക്കിംഗ് തേഡില്‍ വേഗതയും ക്രിയാത്മകതയുമുള്ള കളിക്കാരെ കണ്ടെത്താന്‍ പാടുപെടുന്ന ഇന്ത്യന്‍ പരിശീലകന് സഹലിന്റെ വരവ്് ശുഭവാര്‍ത്തയാണ്.