ആരാധകരെ നിങ്ങള്‍ക്കറിയുമോ ഹ്യൂമേട്ടന്റെ ആ ദുരന്ത കഥ!

മഞ്ഞപ്പടയുടെ ഹ്യൂമേട്ടന്‍, ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂം എന്നും കളത്തിലും പുറത്തും ആരാധകര്‍ക്ക് പ്രിയങ്കരനാണ്. തന്റെ തനതായ ശൈലിയിലുടെയും, വ്യക്തി സ്വഭാവത്തിലൂടെയും ആരാധക മനസില്‍ സ്ഥിര പ്രതിഷ്ഠ നേടിയ ഹ്യുമിന്റെ ഭൂതകാലം ഏതൊരാധകനും അറിഞ്ഞിരിക്കേണ്ടതാണ്. ഒരിക്കല്‍ മരണത്തോട് മല്ലടിച്ചു പൊരുതി വീണ്ടും അതിലേറെ വാശിയോടെ കളത്തിലേക്ക് തിരിച്ചെത്തിയ ചരിത്രമാണ് ഈ കനേഡിയന്‍ ഫുട്‌ബോളറിന് പറയുവാനുള്ളത്.

2008 നവംബര്‍ 8ന് Sheffield United നെതിരെ കളിക്കുമ്പോഴാണ് ആ അപകടം സംഭവിച്ചത്. ഉയര്‍ന്നു വന്ന പന്തിനായി ചാടിയപ്പോള്‍ ഡിഫെന്‍ഡര്‍ ക്രിസ് മോര്‍ഗന്റെ കൈമുട്ട് ഹ്യൂമിന്റെ തലയിലിടിച്ചു. ഇടികൊണ്ട് ഹ്യൂം ഗ്രൗണ്ടില്‍ വീണ് വേദനകൊണ്ട് പുളഞ്ഞു. ഉടനെ തന്നെ അദ്ദേഹത്തെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി. തലയോട്ടിക്ക് ക്ഷതം സംഭവിക്കുകയും ഇന്റേണല്‍ ബ്ലീഡിങ് കൂടുകയും ചെയ്തു. ജീവന് തന്നെ ഭീഷണിയായേക്കാവുന്ന അപകടമായിരുന്നു അത്. ഹോസ്പിറ്റലില്‍ എത്തിയ ഉടനെ താരത്തെ ഓപ്പറേഷന് വിധേയനാക്കി. അദ്ദേഹത്തിന്റെ മടങ്ങി വരവിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ആ പ്രാര്‍ത്ഥനയാവാം വിധിയെ തോല്‍പിച്ച് നമ്മുടെ ഹ്യൂമേട്ടന്‍ തിരിച്ച് വന്നു.

ആശുപത്രി വിട്ട ഹ്യൂമിന് പിന്നീടങ്ങോട്ട് വിശ്രമങ്ങളുടെ നാളുകളായിരുന്നു 2009 ജൂലൈ 21 ന് Gainsborough നെതിരെ കളിച്ചു കൊണ്ടാണ് ഹ്യൂം വീണ്ടും മൈതാനത്തേക്ക് തിരിച്ചു വരുന്നത്. ആരാധകരുടെ ആഗ്രഹം പോലെ തന്നെ പഴയതിലും ശക്തനായി തന്നെ ഹ്യൂം തിരിച്ചു വന്നു. പിന്നെ പല ക്ലബുകളുടെ ഭാഗമായി. അങ്ങനെ 2014 ല്‍ ഇയാന്‍ ഹ്യൂം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എത്തി. ആദ്യ സീസണില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്‌സില്‍ അരങ്ങേറി കൊണ്ട് മഞ്ഞപ്പടയുടെ സ്വന്തം ഹ്യൂമേട്ടനായി.

പിന്നീട് കൊല്‍ക്കത്തയ്ക്ക് വേണ്ടി ബൂട്ട് കെട്ടിയെങ്കിലും ഈ വര്‍ഷം ഹ്യൂം കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ തിരിച്ചു വന്നു. പൊരുതി തീരാത്ത വീറും വാശിയും മഞ്ഞപ്പടയുടെ ആരാധകര്‍ക്കായി മാറ്റിവെച്ച്. ദൈവം ഒരിക്കല്‍ തിരിച്ചു കൊടുത്ത ജീവന്‍ ഹ്യൂം ഫുട്‌ബോളിന് വേണ്ടി മാറ്റി വയ്ക്കുകയായിരുന്നു. ആ പോരാട്ടത്തിന് ഇന്നും ക്ഷയിച്ചിട്ടില്ല. ബ്ലാസ്‌റ്റേഴ്‌സിന്റെ അവസാന മത്സരത്തില്‍ ഡല്‍ഹിയെ പൊളിച്ചടുക്കിയ ഹ്യൂമേട്ടന്റെ ഹാട്രിക്ക് പ്രകടനം മാത്രം അതിന് ഉദാഹരണം.