'സഹലിനായി നമുക്ക് കിരീടം നേടണം'; ബ്ലാസ്റ്റേഴ്‌സിനോട് ഇഷ്ഫാഖ് അഹമ്മദ്

പരിക്കേറ്റ് പുറത്തിരിക്കുന്ന സഹല്‍ അബ്ദുല്‍ സമദിനായി കിരീടം നേടാനുള്ള അവസരമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന് മുന്നിലുള്ളതെന്ന് ടീം സഹപരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദ്. ഫൈനലില്‍ മഞ്ഞ ജേഴ്‌സി ലഭിക്കാത്തതില്‍ നിരാശയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹൈദരാബാദ് എഫ്‌സിയ്‌ക്കെതിരായി ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സിനായി മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് കളിച്ചേക്കില്ലെന്നാണ് അറിയുന്നത്. ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകമനോവിച്ചാണ് ഇക്കാര്യം അറിയിച്ചത്. ‘എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ ഇന്ന് നടക്കുന്ന പരിശീലന സെഷന്‍ കഴിഞ്ഞതിന് ശേഷമേ സഹല്‍ ഫൈനലിന്റെ ഭാഗമാകുമോ എന്ന കാര്യത്തില്‍ തീരുമാനമാകൂ. സഹലിന്റെ പരിക്ക് വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇന്ത്യന്‍ ടീമിനും ആവശ്യമുള്ള കളിക്കാരനാണ് സഹലെന്നും ഇവാന്‍ വുകുമാനോവിച്ച് പറഞ്ഞു.

ജംഷദ്പൂരിനെതിരായ രണ്ടാം പാദ സെമിയ്ക്ക് മുന്നോടിയായി നടന്ന പരിശീലനത്തിനിടെ ഏറ്റ പരിക്കാണ് സഹലിന് തിരിച്ചടിയായത്.സഹലിന്റെ പേശികളില്‍ വലിവ് അനുഭവപ്പെട്ടതായും അത് കൂടുതല്‍ വഷളാവാതിരിക്കാന്‍ താരത്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണ് എന്നുമാണ് കോച്ച് ഇവാന്‍ വുകുമാനോവിച്ച് നേരത്തെ പറഞ്ഞിരുന്നത്.

Read more

ഈ സീസണില്‍ 21 മത്സരങ്ങള്‍ കളിച്ച സഹല്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ആറ് ഗോളുകള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. സഹലും ലൂണയും അടങ്ങുന്ന മധ്യനിരയായിരുന്നു ഈ സീസണില്‍ ടീമിന്റെ കരുത്ത്.