ലങ്കയ്ക്ക് പിന്നാലെ ഐ.എസ്.എല്‍ താരങ്ങളും മാസ്‌ക്ക് ധരിച്ച് കളിക്കളത്തില്‍

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം ശ്രീലങ്കന്‍ ക്രിക്കറ്റര്‍മാരെ മാത്രമല്ല ഐ.എസ്.എല്ലിനേയും പ്രതികൂലമായി ബാധിക്കുന്നു. ഇന്ന് നടക്കാനിരിക്കുന്ന ഡല്‍ഹി ഡൈനാമോസ്-ജംഷഡ്പൂര്‍ മത്സരത്തിന് മുന്നോടിയായി താരങ്ങള്‍ മാസ്‌ക്ക് ധരിച്ചാണ് പരിശീലനത്തിന് കളിക്കളത്തില്‍ ഇറങ്ങിയത്.

അന്തരീക്ഷ മലിനീകരണത്തില്‍ ഡല്‍ഹി പരിശീലകന്‍ മിഗ്വെയില്‍ ഏയ്ഞ്ചല്‍ പരാതിയുമായി എത്തുകയും ചെയ്തു.

അന്തരീക്ഷ മലിനീകരണം ഡല്‍ഹിയുടെ മുഴുവന്‍ പ്രശ്‌നമാണെന്നും തങ്ങളുടെ മാത്രം പ്രശ്‌നമല്ലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനിടയില്‍ ഇനി ഡല്‍ഹിയില്‍ മത്സരങ്ങള്‍ അനുവദിയ്ക്കുമ്പോള്‍ നല്ലതുപോലെ ആലോചിക്കണമെന്നും ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു.

ഡല്‍ഹിയില്‍ ഇത്തരം കാലാവസ്ഥയില്‍ മത്സരം നടത്തുന്നതിനെതിരെ ജംഷഡ്പൂര്‍ പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ രംഗത്തെത്തി. എന്നാല്‍ ഏത് സാഹചര്യത്തിലും കളിക്കാന്‍ ടീം സജ്ജമാണ് എന്നും മുന്‍ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ പറഞ്ഞു.