ജപ്പാനോടേറ്റ അപ്രതീക്ഷിത തോല്‍വിയില്‍ പ്രതികരണവുമായി സ്പെയ്ന്‍ പരിശീലകന്‍ ലൂയിസ് എൻറിക്. ടീമിന്റെ പ്രകടനത്തില്‍ താന്‍ സന്തുഷ്ടനല്ലെന്നും എന്നാല്‍ നഷ്ടപ്പെടാന്‍ ഒന്നുമില്ലാതെ വിമാനം പോലെ പറക്കുന്ന ജപ്പാന്‍നിരയെ പിടിച്ചു കെട്ടുക എളുപ്പമല്ലായിരുന്നെന്നും എൻറിക് പറഞ്ഞു.
ഞാന്‍ സന്തുഷ്ടനല്ല. ജയിക്കണം എന്നായിരുന്നു. എന്നാല്‍ അഞ്ച് മിനിറ്റില്‍ ജപ്പാന്‍ രണ്ട് ഗോള്‍ നേടി. ഇതോടെ ഞങ്ങള്‍ തകര്‍ന്നു. ആദ്യ പകുതിയില്‍ ഞങ്ങള്‍ക്ക് ഭീഷണികളൊന്നും ഉണ്ടായില്ല. രണ്ടം പകുതിയില്‍ കരുതലോടെ നീങ്ങാനാണ് ഞാന്‍ കളിക്കാരോട് പറഞ്ഞത്.
ജപ്പാന്‍ പോലൊരു ടീമിന് ഒന്നും നഷ്ടപ്പെടാനില്ലാതെ നില്‍ക്കുമ്പോള്‍ വിമാനം പോലെ അവര്‍ പറക്കും. എന്നാല്‍ ഞങ്ങള്‍ തകര്‍ന്നു. അവര്‍ക്ക് രണ്ട് ഗോള്‍ കൂടി നേടാമായിരുന്നു. ഞാന്‍ ഒരര്‍ഥത്തിലും സന്തുഷ്ടനല്ല.
നമ്മള്‍ പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. എന്നാല്‍ ഇവിടെ ആഘോഷിക്കാന്‍ ഒന്നുമില്ല. ജപ്പാന്‍ മുന്‍പിലായ സമയം ഒരുഘട്ടത്തില്‍ തനിക്ക് ഹൃദയാഘാതം വരുമെന്ന് തോന്നി. ജര്‍മനി-കോസ്റ്ററിക്ക മത്സരത്തില്‍ താന്‍ ശ്രദ്ധ കൊടുക്കുന്നുണ്ടായിരുന്നില്ലെന്നും എൻറിക് പറഞ്ഞു.
ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ജപ്പാന്‍ സ്‌പെയിനെ അട്ടിമറിച്ചത്. ആദ്യപകുതിയില്‍ ഒരു ഗോളിനു പിന്നിലായിരുന്ന ജപ്പാന്‍, രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ മൂന്നു മിനിറ്റിനിടെ രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് സ്‌പെയിനെ വീഴ്ത്തിയത്.
പകരക്കാരനായി ഇറങ്ങിയ റിറ്റ്‌സു ഡൊവാന്‍ (48ാം മിനിറ്റ്), ആവോ ടനാക (52ാം മിനിറ്റ്) എന്നിവരാണ് ജപ്പാനായി ഗോള്‍ നേടിയത്. അല്‍വാരോ മൊറാട്ട (11ാം മിനിറ്റ്)യാണ് സ്‌പെയിനിന്റെ ഗോള്‍ നേടിയത്. ജയത്തോടെ ജപ്പാന്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
Read more
ഡിസംബര്‍ അഞ്ചിന് അല്‍ ജനൗബ് സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയാണ് ജപ്പാന്റെ എതിരാളികള്‍.